ഫുട്ബോൾ ലോക ചാമ്പ്യന്മാരായ അർജന്റീന ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി കായിക മന്ത്രി വി.അബ്ദുറഹിമാൻ. മെസ്സി വരാത്തതിൽ സർക്കാറിന് ഉത്തരവാദിത്തമില്ലെന്നാണ് അബ്ദുറഹിമാൻ പറഞ്ഞത്. സ്പോൺസറാണ് അർജന്റീന ഫുട്ബാൾ അസോസിയേഷനുമായി കരാറിൽ ഒപ്പിട്ടത്. സർക്കാരിന് ഇതിൽ പങ്കില്ല, ആരുമായും കരാറുമില്ല. കേരള സർക്കാരിനെതിരെ ആരോപണവുമായി അർജന്റീന ഫുട്ബോൾ അസോസിയേഷൻ (എഎഫ്എ) രംഗത്തെത്തിയതോടെയാണ് മന്ത്രിയുടെ പ്രതികരണം.
അർജന്റീന ഫുട്ബാൾ അസോസിയേഷന്റേത് എന്ന പേരിൽ പുറത്തുവന്നത് വിശ്വാസ്യതയില്ലാത്ത ചാറ്റാണെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബറിൽ അർജന്റീന ടീമിനെ എത്തിക്കാനായിരിന്നു നീക്കം. ഇതിനായി കരാറിൽ ഒപ്പിടുകയും പണം കൈമാറുകയും ചെയ്തു. എന്നാൽ, ഈ സമയത്ത് വരാനാവില്ലെന്ന് അർജന്റീന അറിയിച്ചതോടെ ഇതിൽ നിന്നും പിന്മാറുകയല്ലാതെ മറ്റ് പോംവഴികളില്ലാതായെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകളാണ് മാധ്യമങ്ങളിൽ വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിഹാസ താരം ലയണൽ മെസ്സിയുടെ വരവിൽ കൂടുതൽ പ്രതികരണവുമായി അർജന്റീന ഫുട്ബാൾ അസോസിയേഷൻ കഴിഞ്ഞ ദിവസമാണ് രംഗത്തെത്തിയത്. കരാർ ലംഘനം നടത്തിയത് കേരള സർക്കാരിന്റെ ഭാഗത്ത് നിന്നാണെന്നാണ് എഎഫ്എ മാർക്കറ്റിംഗ് വിഭാഗം മേധാവി ലിയാൻഡ്രോ പീറ്റേഴ്സൺ പറഞ്ഞിരുന്നത്. കേരളത്തിലെ സ്പോൺസറിൽ നിന്ന് 130 കോടി രൂപ എഎഫ്എ വാങ്ങിയെന്നും, കരാർ ലംഘിച്ച് ടീം കേരളത്തിൽ വരാൻ വിസമ്മതിച്ചുവെന്നുമുള്ള ആരോപണം പീറ്റേഴ്സൺ തള്ളി. കരാർ ലംഘനം നടത്തിയത് കേരള സർക്കാരാണെന്നും അദ്ദേഹം ആവർത്തിച്ചു. ഇക്കാര്യത്തിൽ തങ്ങളെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും ലിയാൻഡ്രോ പീറ്റേഴ്സൺ പറഞ്ഞു.
ലയണൽ മെസ്സി ഉൾപ്പെട്ട അർജന്റീന ടീം കേരളത്തിലേക്ക് വരില്ലെന്ന് ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും 2026ലെ ലോകകപ്പിന് ശേഷം സെപ്റ്റംബറിൽ എത്താമെന്നാണ് പറയുന്നതെന്നും സ്പോൺസറായ റിപോർട്ടർ ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് എം.ഡി ആന്റോ അഗസ്റ്റിൻ കളമശ്ശേരിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. അർജൻറീന ടീമിനെ ഈ വർഷം ഒക്ടോബറിലോ നവംബറിലോ ഏഴ് ദിവസം ഇന്ത്യയിൽ എത്തിക്കാമെന്നാണ് അർജൻറീന ഫുട്ബാൾ അസോസിയേഷനുമായിട്ടുണ്ടാക്കിയ കരാർ.
അർജന്റീന ടീമിനെ കേരളത്തിലെത്തിക്കുന്നത് സംബന്ധിച്ച് മന്ത്രി പലപ്പോഴായി വ്യത്യസ്ത വിശദീകരണങ്ങൾ നൽകിയിരുന്നു. ആദ്യം സംസ്ഥാന സർക്കാരാണ് ടീമിനെ കൊണ്ടുവരുന്നതെന്ന് പറഞ്ഞിരുന്ന മന്ത്രി പിന്നീട് സംസ്ഥാന സർക്കാരും സ്പോൺസറും ചേർന്നാണ് കരാറുണ്ടാക്കിയതെന്ന് തിരുത്തി. ഒടുവിൽ, അർജന്റീന ടീം വരില്ലെന്ന് വ്യക്തമായപ്പോൾ ഇത് സ്പോൺസറുടെ മാത്രം ബാധ്യതയാണെന്നും സർക്കാരിന് സാമ്പത്തിക നഷ്ടമുണ്ടായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കിയെന്ന് ലിയാൻഡ്രോ പീറ്റേഴ്സൺ പറഞ്ഞു.