തിരുവനന്തപുരത്ത് തെരുവുനായയുടെ ആക്രമണത്തിൽ നാലുവയസ്സുകാരിയടക്കം മൂന്നുപേർക്ക് പരിക്കേറ്റു. മംഗലപുരം പാട്ടത്തിൻകരയിലാണ് സംഭവം നടന്നത്. തിങ്കളാഴ്ച രാവിലെ ഒൻപത് മണിയോടെ വീട്ടുമുറ്റത്ത് പല്ലു തേക്കുകയായിരുന്ന ദക്ഷിണ എന്ന നാലുവയസ്സുകാരിക്കു നേരെയാണ് നായയുടെ ആക്രമണമുണ്ടായത്.
കുട്ടിയുടെ മുഖത്തും തലയിലും കൈയിലും കടിയേറ്റു. ഇത് കണ്ട് ഓടിയെത്തിയ മുത്തച്ഛൻ ബാബു പിള്ളയ്ക്കും നായയുടെ കടിയേറ്റു. പിന്നീട്, നായ അവിടെ നിന്ന് ഓടിപ്പോകുകയും സമീപത്തെ കാവ് ക്ഷേത്രത്തിന് സമീപം വെച്ച് രാജേഷ് എന്ന മറ്റൊരാളെയും കടിക്കുകയും ചെയ്തു. പരിക്കേറ്റ മൂന്നുപേരെയും ചികിത്സയ്ക്കായി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കല്ലൂർ പാലം ഭാഗത്തേക്ക് ഓടിപ്പോയ നായ കൂടുതൽ ആളുകളെ ആക്രമിച്ചതായി സൂചനയുണ്ട്.