നിയമ സഹായം തേടിയെത്തുന്നത് ആശ്വാസത്തിനാണ്…അവിടം പീഡന കേന്ദ്രമാകരുത്…ചവറ കുടുംബ കോടതി മുൻ ജഡ്ജിക്കെതിരെ അഭിഭാഷകര്‍




കൊല്ലം: നിയമ സഹായം തേടിയ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ അന്വേഷണം നേരിടുന്ന ചവറ കുടുംബ കോടതി മുൻ ജഡ്ജ് വി. ഉദയകുമാറിനെതിരെ അഭിഭാഷകർ. ചുമതലകളിൽ നിന്ന് ജഡ്ജിനെ മാറ്റി നിർത്തി അന്വേഷണം നടത്തണമെന്ന് അഭിഭാഷക പരിഷത്ത് ആവശ്യപ്പെട്ടു. സ്ഥലം മാറ്റത്തിൽ ഒതുക്കിയുള്ള അന്വേഷണം ശരിയായ നടപടിയല്ലെന്നും മറ്റൊരു കോടതിയിൽ തുടരാൻ അനുവദിക്കുന്നത് സ്വാധീനങ്ങൾക്ക് അവസരം നൽകുമെന്നും അഭിഭാഷക പരിഷത്ത് ദേശീയ വൈസ് പ്രസിഡന്‍റ് ആര്‍ രാജേന്ദ്രൻ പറഞ്ഞു.

കോടതി ആളുകളുടെ അവസാന അത്താണിയാണ്. അതിനാൽ തന്നെ കോടതിയിൽ നിന്ന് അവര്‍ക്ക് ആശ്വാസമാണ് ലഭിക്കേണ്ടത്. അവിടം പീഡന കേന്ദ്രമാകരുതെന്നും ആര്‍ രാജേന്ദ്ര പറഞ്ഞു. ഇരയ്ക്ക് ഒപ്പമാണന്ന് കൊല്ലം ബാർ അസോസിയേഷൻ വ്യക്തമാക്കി. കോടതികളുമായി ബന്ധപ്പെട്ട് ഇത്തരം പരാതികൾ ഉയരുന്നത് ആശാസ്യമല്ലെന്നും ജഡ്ജിനെതിരെ ഹൈക്കോടതി അന്വേഷണം തുടരുകയാണെന്നും മുഖം നോക്കാതെയുള്ള നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും കൊല്ലം ബാർ അസോസിയേഷൻ സെക്രട്ടറി കെ.ബി മഹേന്ദ്ര പറഞ്ഞു.
Previous Post Next Post