വിഴിത്തം അന്താരാഷ്ട്ര തുറമുഖത്ത് ചരക്കുകൾ കയറ്റിയിറക്കാനെത്തിയ വിദേശ കപ്പലിലെ ജീവനക്കാരന് ദേഹാസ്വാസ്ഥ്യം


വിഴിത്തം അന്താരാഷ്ട്ര തുറമുഖത്ത് ചരക്കുകൾ കയറ്റിയിറക്കാനെത്തിയ വിദേശ കപ്പലിലെ ജീവനക്കാരന് ദേഹാസ്വാസ്ഥ്യം. കപ്പലിലെ ട്രെയിനി ഇലക്ട്രിക്കൽ ഓഫീസറും തെലങ്കാന സ്വദേശിയുമായ വിജയ് റെഡ്ഡി (25) ക്കാണ് ജോലിക്കിടെ ശാരീരീക അസ്വാസ്ഥ്യം അനുഭവപ്പെട്ടത്. അദാനി തുറമുഖ അധികൃതരുടെയും കേരളാ മാരിടൈം ബോർഡിന്റെയും സംയുക്ത ശ്രമത്തിൽ കപ്പലിലെ ജീവനക്കാരനെ കരയിലെത്തിച്ച് ആശുപത്രിയിലെത്തിച്ചു.

ഇതാദ്യമായാണ് വിഴിത്തം അന്താരാഷ്ട്ര തുറമുഖത്ത് വിദേശ ചരക്കുകപ്പലിൽ നിന്ന് ജീവനക്കാരനെ കരയിലിറക്കുന്നത്. സഹായം നൽകിയതിന് കപ്പലിലെ ക്യാപ്റ്റൻ രണ്ട് തുറമുഖങ്ങളിലെയും അധികൃതർക്ക് നന്ദിപറഞ്ഞ് സന്ദേശവും അയച്ചു. അമേരിക്കയിലെ ഫ്‌ളോറിഡയിൽ നിന്ന് പുറപ്പെട്ട് വെളളിയാഴ്ച രാവിലെ എട്ടോടെ അന്താരാഷ്ട്ര തുറമുഖത്തടുപ്പിച്ച പോർച്ചുഗൽ പതാകവഹിക്കുന്ന എം.എസ്.സിയുടെ റിക്കു എന്ന കപ്പലിലാണ് സംഭവം.

കപ്പലിലെ ചീഫ് ഓഫീസറും പളളുരുത്തി സ്വദേശിയുമായ ഉണ്ണിക്കൃഷ്ണൻ, ക്യാപ്റ്റൻ സോമിയേന്തു പയറയെ ഇക്കാര്യം ധരിപ്പിച്ചു. ഇതേ തുടർന്ന് ക്യാപ്റ്റൻ ജീവനക്കാരനെ അടിയന്തരമായി ആശുപത്രിയിലെത്തിക്കാനുളള സൗകര്യമൊരുക്കണമെന്ന് അന്താരാഷ്ട്ര തുറമുഖ അധികൃതരോട് വയർലെസിലൂടെ ആവശ്യപ്പെടുകയായിരുന്നു. അന്താരാഷ്ട്ര തുറമുഖ അധികൃതർ കേരളാ മാരിടൈം ബോർഡിലെ വിഴിഞ്ഞം പർസറിന് വിവരം കൈമാറുകയും ഇതിന്റെ അടിസ്ഥാനത്തിൽ വിദേശ കപ്പലിലുളള ജീവനക്കാരനെ കരയിലേക്ക് മാറ്റുന്നതിനുളള ഇമിഗ്രേഷൻ, കസ്റ്റംസ് അടക്കമുളള നടപടികൾ അതിവേഗം പൂർത്തിയാക്കുകയും ചെയ്തു.

തുറമുഖത്തുളള ഡോൾഫിൻ-41 എന്ന ബോട്ടിൽ മാരിടൈം ബോർഡിന്റെ വിഴിഞ്ഞത്തുളള സീവേർഡ് വാർഫിലെത്തിച്ചു. തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വാട്ടർ ലൈൻ ലോജിസ്റ്റിക്‌സ് പ്രൈവറ്റ് കമ്പനിയുടെ നേതൃത്വത്തിൽ ജീവനക്കാരനെ ആംബുലൻസിൽ നഗരത്തിലെ പ്രമുഖ ആശുപത്രിയിലെത്തിച്ചു. അദ്ദേഹം സുഖം പ്രാപിച്ചുവരുന്നതായി അധികൃതർ അറിയിച്ചു. ക്യാപ്റ്റനടക്കം 25 ജീവനക്കാരാണ് കപ്പലിലുളളത്. കപ്പലിൽ നിന്ന് 569 കണ്ടെയ്‌നറുകൾ തുറമുഖത്ത് ഇറക്കി. പകരം 562 കണ്ടെയ്‌നറുകളും കയറ്റി കപ്പൽ ശനിയാഴ് വൈകിട്ട് 4:30 ഓടെ കൊളംബോയിലേക്ക് പുറപ്പെടും.

أحدث أقدم