സ്വന്തം യാത്രയയപ്പ് ചടങ്ങിൽ പാട്ടുപാടി; തഹസിൽദാർക്ക് സസ്പെൻഷൻ


        

തന്റെ യാത്രയയപ്പ് ചടങ്ങിൽ ഔദ്യോഗിക പദവിയിലിരുന്ന് പാട്ടുപാടിയ തഹസിൽദാർക്ക് സസ്പെൻഷൻ. മഹാരാഷ്ട്രയിലെ നാന്ദേഡ് ജില്ലയിലെ ഉമ്രിയിൽ തഹസിൽദാരായിരുന്ന പ്രശാന്ത് തോറട്ട് ആണ് സസ്പെൻഡ് ചെയ്യപ്പെട്ടത്. ഔദ്യോഗിക പദവിയുടെ മഹത്വം കുറയ്ക്കുന്ന തരത്തിലുള്ള പെരുമാറ്റം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.


നാന്ദേഡ് ജില്ലയിലെ ഉമ്രിയിൽ നിന്ന് ലാത്തൂരിലെ റെനാപൂരിലേക്ക് സ്ഥലംമാറ്റം ലഭിച്ച പ്രശാന്ത് തോറട്ടിനായി ഓഗസ്റ്റ് 8-ന് യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ഈ ചടങ്ങിൽ, തന്റെ ഔദ്യോഗിക കസേരയിലിരുന്ന് പ്രശാന്ത് പാട്ടുപാടി. 1981-ൽ പുറത്തിറങ്ങിയ അമിതാഭ് ബച്ചൻ ചിത്രം ‘യാര തേരി യാരി കോ’ എന്ന ഗാനമാണ് അദ്ദേഹം ആലപിച്ചത്. പ്രശാന്ത് പാടുമ്പോൾ ചുറ്റുമുള്ള സഹപ്രവർത്തകർ കൈയടിക്കുന്നതും വീഡിയോയിലുണ്ടായിരുന്നു. ‘താലൂക്ക് മജിസ്‌ട്രേറ്റ്’ എന്ന് എഴുതിയ ബോർഡും അദ്ദേഹത്തിന്റെ പിന്നിലുണ്ടായിരുന്നു.

ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. ഔദ്യോഗിക പദവിയിലിരുന്ന് പാട്ടുപാടി തഹസിൽദാർ പദവിയുടെ പവിത്രത കളങ്കപ്പെടുത്തി എന്നായിരുന്നു വിമർശനം.

വിവാദം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നാന്ദേഡ് കളക്ടർ ഉന്നത അധികാരികൾക്ക് റിപ്പോർട്ട് സമർപ്പിച്ചു. പ്രശാന്തിന്റെ ഈ പ്രവൃത്തി സർക്കാർ ഭരണകൂടത്തിന്റെ പ്രതിച്ഛായക്ക് കോട്ടം വരുത്തിയെന്നും 1979-ലെ മഹാരാഷ്ട്ര സിവിൽ സർവീസസ് (പെരുമാറ്റ) നിയമങ്ങളുടെ ലംഘനമാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രശാന്ത് തോറട്ടിനെ സസ്പെൻഡ് ചെയ്തത്.

Previous Post Next Post