രഹസ്യമായി രണ്ടാം വിവാഹം കഴിച്ചതിനു പിന്നാലെ ആദ്യ ഭാര്യയെ കൊന്നു; കോൺട്രാക്റ്റർ അറസ്റ്റിൽ





ബറേലി: രഹസ്യമായി രണ്ടാം വിവാഹം കഴിച്ചതിനു പിന്നാലെ ആദ്യ ഭാര്യയെ കൊലപ്പെടുത്തിയയാൾ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ബാറോളി ഗ്രാമത്തിലെ താമസക്കാരനായ ഓംസാരൻ മൗര്യയാണ് അറസ്റ്റിലായത്. അമരാവതി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. വെഡ്ഡിങ് ഡെക്കറേഷൻ കോൺട്രാക്റ്റർ ആയി ജോലി ചെയ്തിരുന്ന ഓംസാരൻ ബറേലിയിൽ ബ്യൂട്ടി പാർലർ നടത്തിയിരുന്ന മന്നത്ത് എന്ന സ്ത്രീയുമായി അടുപ്പത്തിലായിരുന്നു. ഇരുവരും രഹസ്യമായി വിവാഹം കഴിച്ചതിനു പിന്നാലെയാണ് പഴഞ്ചൻ ഫാഷനിലുള്ള വിശ്വാസിയായ ഭാര്യയെ കൊല്ലാൻ ഓംസാരൻ തീരുമാനിച്ചത്. ബുധനാഴ്ച പാതിരാത്രിയിലാണ് ഓംസാരൻ വീട്ടിലെത്തി അമരാവതിയെ കൊലപ്പെടുത്തിയത്.

ഉടൻ തന്നെ അമരാവതിയുടെ സഹോദരനെയും മറ്റൊരു സുഹൃത്തിനെയും ഫോണിൽ ബന്ധപ്പെട്ട് വീട്ടിൽ കൊള്ളക്കാർ കയറിയെന്നും ആക്രമണത്തിൽ അമരാവതി കൊല്ലപ്പെട്ടുവെന്നും നുണ പറഞ്ഞു. പക്ഷേ സംഭവ സ്ഥലത്തെത്തിയ പൊലീസ് 15 മണിക്കൂറിനുള്ളിൽ തന്നെ ഓംസാരൻ ആണ് കൊലപാതകിയെന്ന് കണ്ടെത്തി. വീട്ടിൽ നിന്ന് നഷ്ടപ്പെട്ടുവെന്ന് പറഞ്ഞ പണവും സ്വർണവും 50 മീറ്റർ ദൂരത്തിൽ നിന്ന് കണ്ടെത്തിയതോടെയാണ് പൊലീസിന് സംശയം തോന്നിയത്.

ഓംസാരന്‍റെ ഫോൺ കോളുകൾ പരിശോധിച്ചപ്പോൾ സംഭവം കഴിഞ്ഞ ഉടൻ തന്നെ മന്നത്തുമായി സംസാരിച്ചതായി കണ്ടെത്തി. മന്നത്താണ് ഓംസാരനെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. മണിക്കൂറുകൾക്കുള്ളിൽ കൊലക്കേസ് തെളിയിച്ച അന്വേഷണ സംഘത്തിന് 25000 രൂപ പാരിതോഷികമായും നൽകി.
Previous Post Next Post