ഓട്ടോറിക്ഷയുടെ വെളിച്ചം കണ്ണിലടിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിൽ ഓട്ടോ ഡ്രൈവർക്ക് കുത്തേറ്റു. വിഴിഞ്ഞം കരയടിവിള ഭാഗത്ത് വച്ചായിരുന്നു സംഭവം. കരയടിവിള സ്വദേശിയായ ദിലീപ് എന്നയാൾക്കാണ് കുത്തേറ്റത്. ഇന്നലെ രാത്രി ദിലീപിന്റെ ഓട്ടോയുടെ ഹെഡ്ലൈറ്റിൽ നിന്നുള്ള വെളിച്ചം അഖിൽ രാജ്, വിജയൻ എന്നിവരുടെ മുഖത്തേക്ക് അടിച്ചതിന് പിന്നാലെയുണ്ടായ തർക്കത്തിനിടയിലാണ് ഓട്ടോ ഡ്രൈവർക്ക് കുത്തേറ്റത്. ഓട്ടോ ഡ്രൈവറോട് യുവാക്കൾ വാക്കേറ്റം നടത്തുകയും ഇത് കയ്യാങ്കളിയിലേക്ക് മാറുകയും ആയിരുന്നു. ഇരുവരും ചേർന്ന് ദിലീപിന്‍റെ മുതുകിൽ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു.
ദിലീപ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. യുവാക്കൾക്കെതിരെ വധശ്രമത്തിനുൾപ്പെടെ കേസെടുത്തു. പ്രതികൾ രണ്ടുപേരും ഒളിവിലാണ്. ഇരുവർക്കുമായി അന്വേഷണം ആരംഭിച്ചെന്നും വിഴിഞ്ഞം പൊലീസ് വിശദമാക്കി.