മദ്യപിച്ചു വാഹനം ഓടിച്ചതിന് കത്തോലിക്ക വൈദികന്‍ ഫാദര്‍ നോബിള്‍ തോമസ് പാറയ്ക്കല്‍ പോലീസ് പിടിയിലായ സംഭവത്തിൽ സഭയുടെ നിലപാട് നിർണായകം








മാനന്തവാടി: മതതീവ്രവാദികള്‍ കൈവെട്ടിമാറ്റിയ തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ പ്രൊഫ ടി ജെ ജോസഫിന്റെ കൈയ്യല്ല തലയായിരുന്നു വെട്ടി മാറ്റേണ്ടതെന്ന് ലേഖനമെഴുതി കുപ്രസിദ്ധനായ കത്തോലിക്ക വൈദികന്‍ ഫാദര്‍ നോബിള്‍ തോമസ് പാറയ്ക്കല്‍ മദ്യപിച്ചു വാഹനം ഓടിച്ചതിന് പോലീസ് പിടിയിലായി.

സീറോ മലബാര്‍ സഭയുടെ മാനന്തവാടി രൂപതയുടെ മുന്‍ പിആര്‍ഒ ആയിരുന്ന നോബിള്‍ പാറയ്ക്കല്‍ കഴിഞ്ഞ മാസം 11നാണ് മദ്യപിച്ച്‌ വാഹനം ഓടിച്ചതിന് വയനാട് തിരുനെല്ലി പൊലീസ് ക്രൈം നമ്പര്‍ 477/ 2025 ആയി U/s BNS 281, മോട്ടോര്‍ വെഹിക്കിള്‍ ആക്റ്റ് 185 എന്നിവ പ്രകാരം കേസ് എടുത്തത്. തനിക്കെതിരെ പോലീസ് കേസെടുത്തത് സത്യമാണെന്നും എന്നാല്‍ മദ്യപിച്ചിരുന്നില്ലെന്നുമാണ് ഫാ നോബിളിന്റെ നിലപാട്.

സംസ്ഥാനത്തെ ജനങ്ങള്‍ക്കിടയില്‍ മദ്യപാനവും മയക്കുമരുന്ന് ഉപഭോഗവും വര്‍ദ്ധിക്കുന്നതിനെതിരെ കത്തോലിക്കസഭ കടുത്ത നിലപാടുകള്‍ സ്വീകരിച്ചിരി ക്കുമ്പോഴാണ് ഒരു വൈദികന്‍ തന്നെ അമിതമായി മദ്യപിച്ചു കാറോടിച്ചതിന് പിടിയിലായത്. ഈ സംഭവം സഭയ്ക്ക് വന്‍ നാണക്കേടായി മാറി. മദ്യപിച്ച്‌ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടാല്‍ എക്‌സൈസ് കമ്മീഷണറെ കൂട്ടുപ്രതിയാക്കണമെന്ന് കെസിബിസിയുടെ ജാഗ്രത സമിതി നിലപാട് സ്വീകരിച്ചിട്ട് അധികനാളായിട്ടില്ല.

നോബിള്‍ പാറയ്ക്കലിന്റെ കേസില്‍ എക്‌സ്സൈസ് കമ്മീഷണറെ കൂടി പ്രതിയാക്കണമെന്ന് സഭ ആവശ്യപ്പെടുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
‘സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പോലും മദ്യത്തിന് അടിമപ്പെടുകയും സ്ത്രീകള്‍ക്കെതിരെയുള്ള അക്രമണം വര്‍ദ്ധിച്ചു വരികയും ചെയ്യുന്ന സാഹചര്യത്തില്‍ മദ്യത്തിന്റെ സ്വാധീനത്തില്‍ നിര്‍വഹിക്കപ്പെടുന്ന കുറ്റകൃത്യങ്ങളില്‍ സംസ്ഥാന എക്‌സൈസ് കമ്മീഷണറെ കൂട്ടുപ്രതിയായി കണക്കാക്കി കേസെടുക്കണം. സംസ്ഥാനത്ത് മദ്യ ഉപയോഗം വര്‍ദ്ധിക്കുന്നതിന് ഉത്തരവാദി സര്‍ക്കാരാണ്’. 2018 ഏപ്രില്‍ 24 ന് കെസിബിസി ജാഗ്രത സമിതി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലെ ആവശ്യം ഇതാണ്. പുരോഹിതര്‍ മദ്യപിച്ച്‌ വണ്ടിയോടിച്ച കുറ്റത്തില്‍ ജാഗ്രതാ സമിതി എന്ത് നിലപാട് എടുക്കും എന്നാണ് ഇനി അറിയേണ്ടത്.


മാനന്തവാടി രൂപതയുടെ വിദ്യാഭ്യാസ സ്ഥാപങ്ങളുടെ സിഇഒ യാണ് നിലവില്‍ ഫാദര്‍ നോബിള്‍ പാറയ്ക്കല്‍. മനുഷ്യജീവന് അപകടകരമായ വിധത്തില്‍ KL 72 D 5931 എന്ന വാഹനമോടിച്ച്‌ വരുന്നതിനിടയിലാണ് രാത്രി 12.30ന് ഇയാള്‍ പൊലീസിന്റ പിടിയിലായത്. തിരുനെല്ലി പൊലീസിന്റെ പിടിയിലാകുമ്പോള്‍ ആള്‍ക്കോമീറ്റര്‍ (Alcometer). ഉപയോഗിച്ച്‌ നടത്തിയ രക്തത്തിലെ മദ്യത്തിന്റെ അളവ് പരിശോധനയില്‍ (Blood Alcohol Content – BAC) രക്തത്തില്‍ 173mg/100 ml മദ്യം ഉണ്ടെന്ന് കണ്ടെത്തി. വാഹനം ഓടിക്കുന്ന ഒരാള്‍ക്ക് നിയമപരമായി അനുവദനീയമായ മദ്യത്തിന്റെ അളവിനേക്കാള്‍ വളരെ കൂടുതലായിരുന്നുവെന്നാണ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

മാനന്തവാടി രൂപതയിലെ അധ്യാപികയായിരുന്ന സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കെതിരെ അപവാദപ്രചാരണം നടത്തിയതിന് നോബിള്‍ പാറയ്ക്കലിനെ ഒന്നാം പ്രതിയാക്കി 2019 ഓഗസ്റ്റില്‍ വെള്ളമുണ്ട പൊലീസ് കേസെടുത്തിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ അപവാദപ്രചാരണം നടത്തി, അപകീര്‍ത്തികരമായ വ്യാജപ്രചാരണം നടത്തി എന്നീ കുറ്റങ്ങളാണ് ഈ കേസില്‍ ഫാദര്‍. നോബിള്‍ പാറയ്ക്കലിനെതിരായി അന്ന് ചുമത്തിയത്.

മദ്യപിച്ച്‌ വാഹനമോടിച്ച്‌ പോലീസ് കേസെടുത്തതിന് ഫെയ്‌സ്ബുക്കില്‍ ഇന്ന് രാവിലെ നോബിള്‍ പാറയ്ക്കല്‍ വിശദീകരണക്കുറിപ്പ് ഇറക്കിയിട്ടുണ്ട്.



Previous Post Next Post