
കരിങ്കൽ ക്വാറിക്ക് സമീപത്തെ കുളത്തിലേക്ക് ലോറി മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം. അരീക്കോട് തോട്ടുമുക്കം സ്വദേശി കൂനുമ്മത്തൊടി സലീമിൻ്റെ മകൻ മുഹമ്മദ് റാഷിദ് (27) ആണ് മരിച്ചത്. ആമയൂർ പുളിങ്ങോട്ടുപുറത്ത് റഹ്മത്ത് ക്രഷറിന് സമീപമാണ് അപകടമുണ്ടായത്. ടിപ്പറിലെത്തിച്ച പാറ പൊട്ടിച്ച വേസ്റ്റ് കുളത്തിലേക്ക് തള്ളുന്നതിനിടെയാണ് അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട ലോറി വെള്ളത്തിലേക്ക് മറിയുകയായിരുന്നു. ലോറിയിലുണ്ടായിരുന്ന മറ്റൊരാൾ വിവരം അറിയിച്ചതിനെ തുടർന്ന് ആ നാട്ടുകാരൻ ഉടനെ രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും യുവാവിൻ്റെ ജീവൻ രക്ഷിക്കാനായില്ല.
ലോറി പൂർണമായും വെള്ളത്തിൽ മുങ്ങിയിരുന്നു. ലോറി മറിഞ്ഞ് അരമണിക്കൂറോളം കഴിഞ്ഞാണ് ഡ്രൈവറെ പുറത്തെടുക്കാനായത്. ഇതിനിടയിൽ ക്രെയ്ൻ ഉപയോഗിച്ച് ലോറി ഉയർത്തിയെങ്കിലും ലോറിക്കകത്ത് ഡ്രൈവർ ഉണ്ടായിരുന്നില്ല.പിന്നീട് നാട്ടുകാർ ഏറെനേരം നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.