ബീജിങ്: ചൈനയെ വിറപ്പിച്ച് രഗസ ചുഴലിക്കാറ്റ്. പ്രകൃതി ക്ഷോഭത്തെ തുടര്‍ന്ന് ദക്ഷിണ ചൈനയില്‍ നിന്ന് 20 ലക്ഷത്തോളം ആളുകളെയാണ് ഭരണകൂടം സുരക്ഷിത സ്ഥാനത്തേക്ക് ഒഴിപ്പിച്ചത്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം രഗസ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ 17 പേരാണ് തായ്‌വാനില്‍ മരിക്കുകയോ കാണാതാവുകയോ ചെയ്തത്. മണിക്കൂറില്‍ 241 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നത്.
ചൈനയിലെ തെക്കുകിഴക്കന്‍ പ്രവിശ്യയായ ഗ്വാങ്ഡോങ്ങിലെ ഹെയ്ലിങ് ദ്വീപിലാണ് രഗസ ചുഴലിക്കാറ്റ് കരതൊട്ടത്. പ്രദേശിക സമയം വൈകിട്ട് അഞ്ചുമണിക്കാണ് ചുഴലിക്കാറ്റ് കരയില്‍ പ്രവേശിച്ചത്. കരയില്‍ പ്രവേശിച്ച സമയത്ത് കാറ്റിന്റെ വേഗം മണിക്കൂറില്‍ 144 കിലോമീറ്ററായിരുന്നു. കാറ്റഗറി 5-ല്‍ വരുന്ന രഗസ, ഈ വര്‍ഷം ലോകത്ത് ഉണ്ടായതില്‍ വച്ച് ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റിലൊന്നാണ്