
പ്രണയനൈരാശ്യം മൂലം ജീവിതം അവസാനിപ്പിക്കാനൊരുങ്ങിയ യുവാവിനെ പാലത്തിൽ നിന്ന് മാത്രമല്ല ജീവിതത്തിലേക്ക് കൂടിയാണ് കേരള പോലീസ് കൈപിടിച്ച് കയറ്റിയത്. അയിലം പാലത്തിൽ നിന്നും താഴേക്ക് ചാടാൻ നിന്ന പോത്തൻകോട് സ്വദേശിയായ 23 വയസുകാരനെയാണ് പോലീസ് പിന്തിരിപ്പിച്ചു തിരികെ ജീവിതത്തിലേക്ക് കൊണ്ടുവന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ കേരള പോലീസിന്റെ സമൂഹമാധ്യമ അക്കൗണ്ടിൽ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. വീഡിയോ ഇപ്പോൾ സൈബറിടത്ത് വൈറലാണ്. യുവാവിനെ രക്ഷപ്പെടുത്തിയ പോലീസുകാരെ അഭിനന്ദനം കൊണ്ട് പൊതിയുകയാണ് കാഴ്ചക്കാർ. വിഷമിക്കേണ്ടെന്നും, എന്ത് പ്രശനമുണ്ടെങ്കിലും പരിഹരിക്കാമെന്നും, അതിനല്ലേ പോലീസുള്ളതെന്നും പറഞ്ഞാണ് ഉദ്യോഗസ്ഥർ യുവാവിനെ അനുനയിപ്പിച്ചത്. ആറ്റിങ്ങൽ എസ്‌ഐ ജിഷ്ണുവും എഎസ്‌ഐ മുരളീധരൻ പിള്ളയും ആണ് യുവാവിനെ തിരികെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയത്.
പ്രണയം തകർന്നതിന്റെ മനോവിഷമത്തിലാണ് യുവാവ് പാലത്തിൽനിന്ന് വാമനപുരം നദിയിലേക്ക് ചാടാൻ ശ്രമിച്ചത്. സമീപവാസികൾ ആറ്റിങ്ങൽ പോലീസ് കൺട്രോൾ റൂമിൽ വിവരം അറിയിച്ചതിന് പിന്നാലെയാണ് എസ്‌ഐ ജിഷ്ണു, എഎസ്‌ഐ മുരളീധരൻ പിള്ള എന്നിവർ സ്ഥലത്തെത്തിയതും യുവാവിനെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി അനുനയിപ്പിച്ചു ശേഷം പാലത്തിൽ നിന്നും താഴെ ഇറക്കിയത്.