സംസ്ഥാന സർക്കാരിൻ്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വികസന നേട്ടങ്ങൾ ജനങ്ങളിലേക്കെത്തിക്കാനും ഭാവി വികസനത്തിനായുള്ള നിർദേശങ്ങൾ സ്വരൂപിക്കുന്നതിനായും സംഘടിപ്പിക്കുന്ന 'വികസന സദസ്സ്' സംസ്ഥാനതല ഉദ്ഘാടനം 2025 സെപ്റ്റംബർ 22 രാവിലെ 11ന് നടക്കും. തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷൻ്റെ ആഭിമുഖ്യത്തിൽ നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
തദ്ദേശസ്വയംഭരണം, എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മേയർ ആര്യാ രാജേന്ദ്രൻ സ്വാഗതം ആശംസിക്കും. പൊതുവിദ്യാഭ്യാസം, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി, ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ എന്നിവർ മുഖ്യാതിഥികളാകും.
എംപിമാരായ ഡോ. ശശി തരൂർ ,എ എ റഹീം, എം എൽ എ മാരായ ആൻ്റണി രാജു, വി കെ പ്രശാന്ത്, കടകംപള്ളി സുരേന്ദ്രൻ, എം വിൻസൻ്റ് , ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡി സുരേഷ് കുമാർ, ഡപ്യൂട്ടി മേയർ പി കെ രാജു എന്നിവർ സംബന്ധിക്കും.
ജനകീയ പങ്കാളിത്തത്തിലൂടെ വികസന മാതൃകകൾ സാധ്യമാക്കിയ സംസ്ഥാന സർക്കാർ, തദ്ദേശ സ്ഥാപനങ്ങളുടെ ഭാവി വികസനത്തിനായുള്ള ആശയങ്ങളും നിർദേശങ്ങളും പൊതുജനങ്ങളിൽ നിന്ന് സ്വീകരിക്കുന്നതിനായാണ് വികസന സദസ്സ് സംഘടിപ്പിക്കുന്നത്.