യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനെ തീരുമാനിക്കാനുള്ള ചർച്ചകൾ സജീവം. വി ഡി സതീശൻ, സണ്ണി ജോസഫ്, രമേശ് ചെന്നിത്തല അടക്കമുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളുമായി യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വം ചർച്ച നടത്തി. രണ്ടു ദിവസത്തിനുള്ളിൽ തീരുമാനം ഉണ്ടാകാനിടയുണ്ട്. രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ചതിന് പിന്നാലെ പകരം അധ്യക്ഷന്റെ കാര്യത്തിൽ സമവായമായിരുന്നില്ല. അബിൻ വർക്കി, കെ എം അഭിജിത്, ബിനു ചുള്ളിയിൽ, ഒ ജെ ജനീഷ് എന്നീ പേരുകളാണ് ചർച്ചയിലുള്ളത്.

സംസ്ഥാന യൂത്ത് കോൺഗ്രസ് അധ്യക്ഷനെ തീരുമാനിക്കുന്നതിനുള്ള ചർച്ചകൾ നടക്കുകയാണെന്ന് യൂത്ത് കോൺഗ്രസ്‌ ദേശീയ അധ്യക്ഷൻ ഉദയ് ബാനു ചിബ്  പറഞ്ഞു. നേതാക്കന്മാരുമായി കൂടിയാലോചനകൾ നടക്കുകയാണ്. കേരളത്തിനും യൂത്ത് കോൺഗ്രസിനും ഗുണകരമായ തീരുമാനമായിരിക്കും എടുക്കുക എന്നും ഉദയ് ബാനു ചിബ് ദില്ലിയിൽ പറഞ്ഞു.

യൂത്ത് കോൺഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത് ചെറിയ കാര്യമല്ല. പെട്ടെന്ന് തീരുമാനമെടുക്കാൻ പറ്റില്ല. സമയമെടുത്ത് യൂത്ത് കോൺഗ്രസിനും കേരളത്തിനും നല്ലതായ ഒരു തീരുമാനമെടുക്കുമെന്നാണ് ഉദയ് ബാനു ചിബ് പറഞ്ഞത്. അതേസമയം യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് നിയമനം വൈകുന്നതിനെതിരെ പാർട്ടിയിൽ തന്നെ വിമർശനം ഉയർന്നിട്ടുണ്ട്.