പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിലെത്തിയിട്ട് പതിനൊന്നു വര്‍ഷമായിരിക്കുന്നു. ഏറ്റവും കൂടുതല്‍കാലം അധികാരത്തിലിരുന്ന കോണ്‍ഗ്രസിതര പ്രധാനമന്ത്രി. രണ്ട് പൂര്‍ണ ഭരണകാലാവധി പൂര്‍ത്തിയാക്കിയ ആദ്യ കോണ്‍ഗ്രസിതര നേതാവ്. 2014-ല്‍ പ്രധാനമന്ത്രിയായി സ്ഥാനമേറ്റെടുത്തതു മുതല്‍ സാമ്പത്തിക-സാങ്കേതികപുരോഗതിയ്ക്കും അടിസ്ഥാനസൗകര്യവികസത്തിനും ദേശീയ സുരക്ഷയ്ക്കും ഡിജിറ്റല്‍ സാക്ഷരതയ്ക്കും ശുചിത്വത്തിനും മുന്‍ഗണന നല്‍കുന്ന വീക്ഷണമാണ് മോദി പങ്കുവച്ചിട്ടുള്ളത്. 1950 സെപ്തംബര്‍ 17ല്‍ ഗുജറാത്തിലെ വഡ്‌നഗറില്‍ ജനിച്ച നരേന്ദ്ര ദാമോദര്‍ ദാസ് മോദി ആര്‍ എസ് എസ് പ്രവര്‍ത്തകനായാണ് പൊതുജീവിതം ആരംഭിച്ചത്.
1987-ല്‍ ബി ജെ പി ഗുജറാത്ത് ഘടകത്തിന്റെ ഓര്‍ഗനൈസിങ് സെക്രട്ടറിയായി. 2001 ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായശേഷം, 2014ലാണ് പ്രധാനമന്ത്രിപദത്തിലെത്തുന്നത്. നരേന്ദ്രമോദി നടപ്പാക്കിയ ശുചിത്വപ്രചാരണപരിപാടിയായ സ്വച്ഛ് ഭാരത് അഭിയാനും ആയുഷ്മാന്‍ ഭാരതും കോവിഡ് പ്രതിരോധയത്നവും വലിയ തോതില്‍ ശ്രദ്ധിക്കപ്പെട്ടു എന്നാല്‍ നോട്ട് നിരോധനം, പൗരത്വഭേദഗതി, കര്‍ഷകനിയമം തുടങ്ങിയവ കടുത്ത വിമര്‍ശനത്തിനിടയാക്കി. 2024-ലെ പൊതുതെരഞ്ഞെടുപ്പില്‍ മൂന്നാംവട്ടവും പ്രധാനമന്ത്രിപദത്തിലെത്തി. അമേരിക്കയുമായുള്ള വ്യാപാര ചര്‍ച്ചകളില്‍ ഇന്ത്യയുടെ താല്‍പര്യം ഉയര്‍ത്തിപ്പിടിച്ചതും പഹല്‍ഗാം ആക്രമണത്തിന് ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാകിസ്ഥാന് കനത്ത തിരിച്ചടി നല്‍കിയതും ചൈനയുമായുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്തിയതും ജി എസ് ടി പരിഷ്‌കരണനടപടികളിലൂടെ ജനങ്ങള്‍ക്കുമേലുള്ള നികുതിഭാരം കുറച്ചതും പ്രധാനമന്ത്രിയെന്ന നിലയില്‍ നരേന്ദ്രമോദിയുടെ പ്രതിച്ഛായ വര്‍ധിപ്പിച്ചിട്ടുണ്ട്.
പിറന്നാൾദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മധ്യപ്രദേശിലെ ധാർ ജില്ലയിൽ രാജ്യത്തെ ആദ്യത്തെ പി എം മിത്ര പാർക്കിന് തറക്കല്ലിടും. ടെക്സ്റ്റൈൽ കമ്പനികളിൽ നിന്നായി 23,000 കോടിയിലധികം രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്ന പദ്ധതിയാണിത്.