ബലാത്സംഗ, വഞ്ചനാക്കുറ്റങ്ങള്‍ക്ക് അറസ്റ്റിലായ ആം ആദ്മി പാര്‍ട്ടി എംഎല്‍എ പോലീസിന് നേരെ വെടിയുതിര്‍ത്ത ശേഷം കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടു. പട്യാലയിലെ സനൗര്‍ മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എയായ ഹര്‍മീത് സിങ് ധില്ലനാണ് പോലീസിനെ ആക്രമിച്ച് കടന്നുകളഞ്ഞത്. കര്‍ണാലില്‍ വെച്ചാണ് ഇയാള്‍ പോലീസിനുനേരെ വെടിയുതിര്‍ത്തത്. ശേഷം കൂട്ടാളികള്‍ക്കൊപ്പം രണ്ട് വാഹനങ്ങളിലായി കടന്നുകളയുകായിരുന്നു.
പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുമ്പോള്‍ അദ്ദേഹവും കൂട്ടാളികളും വെടിയുതിര്‍ക്കുകയും ഒരു പോലീസുകാരന് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് വിവരം. കൂട്ടാളികളോടൊപ്പം സ്‌കോര്‍പിയോ എസ്.യു.വിയില്‍ രക്ഷപ്പെടുന്നതിന് മുമ്പ് ഇയാള്‍ മറ്റൊരു ഉദ്യോഗസ്ഥന്റെ ദേഹത്തുകൂടി വാഹനം ഓടിച്ചുകയറ്റിയതായും ആരോപണമുണ്ട്. രക്ഷപ്പെടാന്‍ ഉപയോഗിച്ച ഒരു ഫോര്‍ച്യൂണര്‍ പിന്നീട് പോലീസ് പിടിച്ചെടുത്തു. ഇയാള്‍ക്കായി വ്യാപക തിരച്ചില്‍ ആരംഭിച്ചതായും പോലീസ് അറിയിച്ചു.