രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ക്രൈംബ്രാഞ്ചിന് നിര്‍ണായക വിവരം…


        
പാലക്കാട് എംഎല്‍എയും മുന്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണങ്ങളില്‍ ക്രൈംബ്രാഞ്ചിന് നിര്‍ണായകവിവരങ്ങള്‍ ലഭിച്ചു. രണ്ട് യുവതികള്‍ ഗർഭച്ഛിദ്രത്തിന് വിധേയരായതായാണ് പുറത്തുവരുന്ന വിവരം. ആദ്യ ഗർഭച്ഛിദ്രത്തിന് ഇരയായ യുവതിയും ബന്ധുവും രണ്ടാമത്തെ യുവതിയെ സഹായിച്ചുവെന്നും വിവരമുണ്ട്.

ബെംഗളൂരുവില്‍ നിന്നാണ് ഗർഭച്ഛിദ്രം നടന്നതെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്ന വിവരം. ഇത് സംബന്ധിച്ച് ബെംഗളൂരുവിലെ ആശുപത്രി കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയാണ്. അന്വേഷണസംഘം ഗർഭച്ഛിദ്രം നടന്ന ആശുപത്രിയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. രണ്ട് യുവതികള്‍ ഗർഭച്ഛിദ്രം നടത്തിയെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.

ഇതുമായി ബന്ധപ്പെട്ട് നേരിട്ട് ആരും പരാതി നല്‍കിയിട്ടില്ല. അതിനാല്‍ തന്നെ അത്തരത്തില്‍ ഒരു കേസെടുക്കാന്‍ അന്വേഷണസംഘത്തിന് സാധിക്കില്ല. പരാതിക്കാരെ കണ്ടെത്തുകയും പരാതി നല്‍കുന്നത് സംബന്ധിച്ച് അന്വേഷിക്കാനും ഒരുങ്ങുകയാണ് അന്വേഷണസംഘം. പരാതിയില്ലെങ്കില്‍ അവരുടെ മൊഴി കൂടി രേഖപ്പെടുത്തി നിയമനടപടികള്‍ അവസാനിപ്പിച്ചേക്കും. അതിന് പുറമേ ഏതെങ്കിലും തരത്തിലുള്ള സമ്മര്‍ദമുണ്ടെങ്കില്‍ അത് അന്വേഷിച്ച് അവരില്‍ നിന്ന് പരാതി എഴുതി വാങ്ങി അന്വേഷണസംഘം അന്വേഷണവുമായി മുന്നോട്ടുപോകും

നേരത്തേ രാഹുൽ മാങ്കൂട്ടത്തിലിന്റെ പേരിൽ പരാതിനൽകിയ രാഷ്ട്രീയക്കാർ ഉൾപ്പെടെയുള്ളവരിൽനിന്നും മൊഴിയെടുത്തിരുന്നു. നിർബന്ധിത ഗർഭച്ഛിദ്രം നടത്തിയെന്ന ആരോപണത്തിൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് പരാതിപ്പെട്ട അഭിഭാഷകനിൽനിന്ന് മൊഴിയെടുത്തു. പരാതിനൽകിയിരുന്ന കേരള കോൺഗ്രസ് നേതാവ് എ.എച്ച്. ഹഫീസിൽനിന്ന്‌ നേരത്തേ മൊഴിയെടുത്തിരുന്നു. ആരോപണമുന്നയിച്ചവർ ആരും ഇതുവരെ നേരിട്ട് പരാതികൾ നൽകിയിട്ടില്ല.

രാഹുൽ മാങ്കൂട്ടത്തിലിനെതിരേ പുറത്തുവന്ന ശബ്ദസന്ദേശം അദ്ദേഹത്തിന്റേതാണെന്ന് കണ്ടെത്താൻ ശാസ്ത്രീയപരിശോധന വേണ്ടിവരും. റെക്കോഡ്ചെയ്യപ്പെട്ട ഇലക്‌ട്രോണിക് മാധ്യമം ആരോപണമുന്നയിച്ച യുവതിയുടെ പക്കലാണെങ്കിൽ അത് പരിശോധനയ്ക്ക് ലഭ്യമാക്കാനാകില്ല. അവർ പരാതിക്കാരിയല്ലാത്തതാണ് കാരണം. അതേസമയം വിവരങ്ങൾ സ്പീക്കറെ ക്രൈംബ്രാഞ്ച് അറിയിച്ചിട്ടുണ്ട്. 15-ന് നിയമസഭാസമ്മേളനം തുടങ്ങാനിരിക്കെയാണിത്
Previous Post Next Post