സുഹൃത്തിന്റെ വീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവം; ആൺസുഹൃത്ത് അറസ്റ്റിൽ


എരഞ്ഞിപ്പാലത്ത് സുഹൃത്തിന്റെ വീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺസുഹൃത്ത് ബഷീറുദ്ധീൻ അറസ്റ്റിൽ. സംഭവത്തിൽ ഇയാൾക്കെതിരെ പൊലീസ് ആത്മഹത്യ പ്രേരണകുറ്റം ചുമത്തി. മൂന്ന് ദിവസം മുമ്പാണ് അത്തോളി സ്വദേശിനി ആയിഷ റഷയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവത്തിൽ കഴിഞ്ഞ ദിവസം തന്നെ ബഷീറുദ്ദീനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബഷീറുദ്ദീൻ ട്രെയിനറായിരുന്ന ജിമ്മിൽ കഴിഞ്ഞ ദിവസം ഓണാഘോഷം നടന്നിരുന്നു. എന്നാൽ ആഘോഷത്തിന് പോകാൻ ആയിഷ റഷ സമ്മതിച്ചിരുന്നില്ല. ഇത് വകവെക്കാതെ ബഷീറുദ്ദീൻ ഓണാഘോഷത്തിന് പോയെന്ന് പൊലീസ് പറയുന്നു.

പിന്നീട് ആയിഷ ബഷീറുദ്ദീന് അയച്ച വാട്സ്ആപ് ചാറ്റ് പൊലീസ് കണ്ടെത്തിയിരുന്നു. എന്റെ മരണത്തിന് കാരണം നീ ആയിരിക്കും എന്നായി ആ സന്ദേശം. യുവതിയുടെ ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും പൊലീസ് മൊഴിയെടുക്കും. അതേസമയം ആയിഷ ആത്മഹത്യ ചെയ്യില്ലെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. ബഷീറുദ്ദീൻ ഭീഷണിപ്പെടുത്തിയെന്നും അവർ ആരോപിച്ചു. ആയിഷയെ ഇയാൾ മർദ്ദിച്ചതായി സുഹൃത്തുക്കളും പറഞ്ഞിരുന്നു. രണ്ടു വർഷമായി ഇരുവരും അടുപ്പത്തിലായിരുന്നു. മംഗലാപുരത്ത് പഠിക്കുകയായിരുന്ന ആയിഷ മൂന്ന് ദിവസം മുമ്പാണ് കോഴിക്കോട്ടെ ആൺ സുഹൃത്തിന്റെ വാടക വീട്ടിലെത്തിയത്.

Previous Post Next Post