മദ്യലഹരിയിൽ മകൻ്റെ മർദ്ദനത്തിൽ തലയിടിച്ച് വീണ അച്ഛന് ദാരുണാന്ത്യം


തൃശ്ശൂർ ഏങ്ങണ്ടിയൂരിൽ മദ്യലഹരിയിൽ മകൻ തള്ളിയിട്ടതിനെ തുടർന്ന് ചുമരിൽ തലയിടിച്ച് വീണ് അച്ഛൻ മരിച്ചു. ഏങ്ങണ്ടിയൂർ മണപ്പാട് മോങ്ങാടി വീട്ടിൽ രാമുവാണ് (71) മരിച്ചത്. സംഭവത്തിൽ മകൻ രാഗേഷിനെ (35) വാടാനപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

മദ്യലഹരിയിലെത്തിയ രാഗേഷ് അച്ചൻ രാമുവുമായി വഴക്കിടുകയും, തുടർന്ന് അച്ചനെ പിടിച്ചു തള്ളിയതിനെ തുടർന്ന് ചുമരിൽ തലയിടിച്ച് വീണ് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. സംഭവ സമയം വീട്ടിൽ രാമുവും രാഗേഷും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ.

തലയിടിച്ച് വീണതിനെ തുടർന്ന് രാമുവിന് അനക്കമില്ലാതെയായതോടെ ബന്ധു വീട്ടിൽ പോയിരിക്കുകയായിരുന്ന അമ്മ ശകുന്തളയെ രാഗേഷ് വിവരമറിയിക്കുകയായിരുന്നു. ശകുന്തളയെത്തി രാമുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് രാഗേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കും. വധശ്രമം ഉൾപ്പെടെ നാല് ക്രിമിനൽ കേസുകളിലെ പ്രതിയാണ് രാഗേഷ്.

أحدث أقدم