ആലപ്പുഴയിൽ സിപിഐ സംസ്ഥാന സമ്മേളനത്തിന് നാളെ തുടക്കം… കെ ഇ ഇസ്മായിലിന് ക്ഷണമില്ല, ‘പാർട്ടിക്ക് വേണ്ടി പണിയെടുത്ത എന്നോട് കാണിച്ചത് അനീതി’..


        
ആലപ്പുഴയിൽ നടക്കാനിരിക്കുന്ന സിപിഐ സംസ്ഥാന സമ്മേളനത്തിന് മുൻ മന്ത്രിയും മുതിർന്ന സിപിഐ നേതാവുമായ കെ ഇ ഇസ്മായിലിന് ക്ഷണമില്ല. തന്നോട് നേതൃത്വം കാണിച്ചത് അവഗണനയെന്ന് ഇസ്മായിൽ. എന്തുകൊണ്ട് സമ്മേളനത്തിൽ പങ്കെടുപ്പിക്കുന്നില്ലെന്ന് വ്യക്തമാക്കണം. ഇത്ര കാലം പാർട്ടിക്ക് വേണ്ടി പണിയെടുത്ത് തന്നോട് കാണിച്ചത് അനീതി. 1968 നു ശേഷം ഇസ്മായിൽ പങ്കെടുക്കാത്ത ആദ്യ സമ്മേളനമാണ് ആലപ്പുഴയിലേത്.

സിപിഐ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച പ്രതിനിധി സമ്മേളനത്തിന് നാളെ ആലപ്പുഴയിൽ തുടക്കമാകും. സര്‍ക്കാരിന്‍റെയും പാര്‍ട്ടിയുടേയും പ്രവര്‍ത്തനം ഇഴകീറി പരിശോധിക്കുന്ന ചര്‍ച്ചകളാണ് പ്രതീക്ഷിക്കുന്നത്. അതേസമയം നേതൃത്വത്തിനെതിയും മന്ത്രിമാര്‍ക്കും വകുപ്പുകൾക്കുമെതിരെയും കടന്നാക്രമണം ഉണ്ടാകാതിരിക്കാനുള്ള സമവായ ചര്ച്ചകൾ സംസ്ഥാന സെക്രട്ടറി ഇടപെട്ട് നടത്തുന്നുമുണ്ട്

മുന്നണി സംവിധാനത്തിൽ പാർട്ടിയുടെ പ്രകടനവും പാര്‍ട്ടി സെക്രട്ടറി ബിനോയ് വിശ്വത്തിന്‍റെ ഇടപെടലും സംബന്ധിച്ച വലിയ പരാതികൾ നിലനിൽക്കെയാണ് സംസ്ഥാന സമ്മേളനം ആലപ്പുയിൽ നടക്കുന്നത്. മന്ത്രിമാര്‍ക്കും വകുപ്പുകൾക്കുമെതിരെ അതിരൂക്ഷമായ വിമര്‍ശനം ജില്ലാ സമ്മേളനങ്ങളിലും ഉണ്ടായിരുന്നു. ഇതെല്ലാം പ്രതിഫലിക്കുന്നതാകും പ്രതിനിധി സമ്മേളന ചര്‍ച്ചകൾ. ഇടതുമുന്നണിയിലെ തിരുത്തൽ ശക്തിയെന്ന് സ്വയം പറയുമ്പോഴും ഇടപെടൽ നേര്‍ വിപരീതമെന്ന വിമര്‍ശനം ആണ് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ പാര്‍ട്ടിയിൽ തന്നെ വലിയൊരു വിഭാഗത്തിന് ഉള്ളത്. കാനത്തിന്‍റെ പിൻഗാമിയെന്ന നിലയിൽ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് എത്തിയ ബിനോയ് വിശ്വം മാറണമെന്ന് അഭിപ്രായമുള്ളവര്‍ പാർട്ടിക്കകത്ത് ഉണ്ടെങ്കിലും മത്സരത്തിലേക്കോ കടുത്ത വിഭാഗീയതയിലേക്കോ കാര്യങ്ങൾ കടക്കാൻ ഇടയില്ല.

സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാടുകൾ അടക്കം വിലയിരുത്തപ്പെടുന്ന സമ്മേളനത്തിൽ വലിയ വിമർശനം നേതൃത്വത്തിനും മന്ത്രിമാര്‍ക്കും എതിരായത് ഒഴിവാക്കാനുള്ള ചില സമവായ ചര്‍ച്ചകളും നടക്കുന്നുണ്ട്. വിമര്‍ശനം ഉയരാൻ സാധ്യത മുന്നിൽ കണ്ട് നേതാക്കളുമായി വ്യക്തിപരമായ കൂടിക്കാഴ്ചകളും ബിനോയ് വിശ്വം നടത്തിയിട്ടുണ്ടെന്നാണ് വിവരം. രണ്ടാം തുടര്‍ ഭരണം ലക്ഷ്യമിട്ട് മുന്നോട്ട് പോകുമ്പോൾ സര്‍ക്കാരിന്‍റെ മുൻഗനാ ക്രമത്തിൽ വരുത്തേണ്ട മാറ്റം അടക്കമുള്ള കാര്യങ്ങൾ സമ്മേളനത്തിൽ ചര്‍ച്ചയാകുമെന്നാണ് സൂചന.


أحدث أقدم