ജോലിസ്ഥലത്തേക്ക് സ്‌കൂട്ടറില്‍ പോകുമ്പോള്‍ കാട്ടാനയുടെ ചവിട്ടേറ്റു; തിരുവനന്തപുരത്ത് യുവാവിന്റെ വാരിയെല്ലിന് പരിക്ക്





തിരുവനന്തപുരം: പാലോട് കാട്ടാനയുടെ ചവിട്ടേറ്റ് യുവാവിന് ഗുരുതരമായി പരിക്കേറ്റു. പാലോട് ഇടിഞ്ഞാര്‍ സ്വദേശി ജിതേന്ദ്രനെയാണ് കാട്ടാന ആക്രമിച്ചത്. രാവിലെ വീട്ടില്‍ നിന്ന് ജോലി സ്ഥലത്തേയ്ക്ക് സ്‌കൂട്ടറില്‍ പോകുമ്പോഴാണ് സംഭവം നടന്നത്. 

രാവിലെ 6.45 ഓടേയാണ് സംഭവം. കാട്ടാന റോഡ് മുറിച്ചു കടക്കുമ്പോഴാണ് ജിതേന്ദ്രന്‍ ആ വഴി വന്നത്. കാട്ടാന ജിതേന്ദ്രന് നേരെ തിരിയുകയായിരുന്നു. കാട്ടാന സ്‌കൂട്ടര്‍ ചവിട്ടിമറിച്ചിട്ടു. കാട്ടാന ആക്രമണത്തില്‍ ജിതേന്ദ്രന് വാരിയെല്ലിന് പൊട്ടലുണ്ട്. ആദ്യം പാലോടുള്ള ആശുപത്രിയിലാണ് എത്തിച്ചത്. ഓക്‌സിജന്‍ ലെവല്‍ കുറഞ്ഞതിനെ തുടര്‍ന്ന് ജിതേന്ദ്രനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ജിതേന്ദ്രന്‍ കൊല്ലത്ത് ആണ് ജോലി ചെയ്യുന്നത്. വീട്ടില്‍ വന്ന് തിരികെ പോകുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. 

ജിതേന്ദ്രൻ അപകടനില തരണം ചെയ്തയായി മെഡിക്കൽ കോളജ് ആശുപത്രി അറിയിച്ചു.  വല്ലപ്പോഴും കാട്ടാന ഇറങ്ങുന്ന പ്രദേശമാണിത്. എന്നാല്‍ ആദ്യമായാണ് പ്രദേശത്ത് ജനവാസമേഖലയില്‍ ഇറങ്ങി കാട്ടാന ആളുകളെ ആക്രമിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു.
أحدث أقدم