പാലക്കാട് കോൺഗ്രസിൽ പൊട്ടിത്തെറി പരസ്യമാക്കി വനിതാ കൗൺസില‌ർ രാജിവച്ചു...


പാലക്കാട് കോൺഗ്രസിൽ പൊട്ടിത്തെറി പരസ്യമാക്കി വനിതാ കൗൺസില‌ർ രാജിവച്ചു. ഷൊർണൂർ നഗരസഭയിലെ 31-ാം വാർഡ് കോൺഗ്രസ് കൗൺസിലർ സി സന്ധ്യയാണ് രാജിവച്ചത്. പത്ത് വർഷമായി യു ഡി എഫ് കൗൺസിലറായ സന്ധ്യ, ലൈംഗീകാരോപണങ്ങളിൽ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയ്‌ക്കെതിരെ കോൺഗ്രസ് നേതൃത്വം നടപടി സ്വീകരിക്കാത്തതിടക്കം ചൂണ്ടിക്കാട്ടിയാണ് രാജി വച്ചത്. പാലക്കാട് എം പി വി.കെ. ശ്രീകണ്ഠന്റെ അവഗണനയും രാജി പ്രഖ്യാപനത്തിന് കാരണമായെന്നാണ് വിവരം. സ്വമേധയാ ഞാൻ രാജിവയ്ക്കുന്നുവെന്നാണ് സന്ധ്യയുടെ രാജിക്കത്തിൽ പറയുന്നത്.

അതേസമയം ലൈംഗികാരോപണത്തിന് ശേഷം ദിവസങ്ങൾ നീണ്ട മൗനത്തിനൊടുവിൽ ഇന്ന് രാഹുൽ മാങ്കൂട്ടത്തിൽ രാഷ്ട്രീയ വിഷയത്തിൽ അഭിപ്രായം രേഖപ്പെടുത്തി രംഗത്തെത്തി. യൂത്ത് കോൺ​ഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ പൊലീസ് സ്റ്റേഷനിൽ വെച്ച് മർദിച്ച സംഭവത്തിലാണ് പ്രതികരണവുമായി മുൻ യൂത്ത് കോൺ​ഗ്രസ് അധ്യക്ഷനും എം എൽ എയുമായ രാഹുൽ മാങ്കൂട്ടത്തിൽ രംഗത്തുവന്നത്. പ്രസ്ഥാനത്തിനും ഈ നാടിനും വേണ്ടി നിരവധി യൂത്ത് കോൺഗ്രസുകാരാണ് ഇക്കാലയളവിൽ പൊലീസിന്റെ ക്രൂര മർദ്ദനങ്ങൾക്കു ഇരയായതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. അതിലെ ഏറ്റവും ക്രൂരമായ അനുഭവമാണ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്ത് നേരിടേണ്ടി വന്നത്. സുജിത്തിനെ മർദിച്ച് അവശനാക്കിയ ശേഷം കള്ളക്കേസിൽ കുടുക്കാനും ശ്രമിച്ചു. നീണ്ട രണ്ട് വർഷത്തെ പോരാട്ടത്തിന്റെ ഭാഗമായാണ് ഈ ദൃശ്യങ്ങൾ പുറത്ത് വന്നത്. സുജിത്തിന്റെ പോരാട്ടത്തിന് ഈ നാട് പിന്തുണ കൊടുക്കുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചു.

أحدث أقدم