
മാവേലിക്കര- ബാര്‍ അടച്ച ശേഷം മദ്യം നല്‍കാതിരുന്നതിലുള്ള വിരോധത്തിൽ ബാറിലെ ജീവനക്കാരെ ആക്രമിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു. 6ന് രാത്രി 12.15നാണ് ആക്രമണം നടന്നത്. ജോലികഴിഞ്ഞ് പോവുകയായിരന്ന ജീവനക്കാരെ രണ്ട് ബൈക്കുകളിലായെത്തിയ പ്രതികള്‍ തടഞ്ഞു നിര്‍ത്തി കമ്പിവടികൊണ്ടും വടിവാൾ കൊണ്ടും അക്രമിക്കുകയായിരുന്നു. ഓലകെട്ടിയമ്പലം മെഫേയര്‍ ബാറിലെ ജീവനക്കാർക്ക് നേരേയാണ് അക്രമണം ഉണ്ടായത്. കായംകുളം മേനാമ്പള്ളി അജേഷ് ഭവനത്തിൽ അജിന്‍, കായംകുളം മേനാമ്പള്ളി കൊട്ടാരത്തില്‍ വീട്ടില്‍ അജയ് ഹരീഷ്, കൊല്ലം തിരുമുല്ലാവാരം കവയത്ത് തെക്കതില്‍ ശ്രീലാല്‍, ഭരണിക്കാവ് പള്ളയ്ക്കല്‍ നടുവിലെമുറി പുത്തന്‍പുരകിഴക്കതില്‍ ശ്രീനി എന്നിവരാണ് അറസ്റ്റിലായത്. കുറത്തികാട് ഐ.എസ്.എച്ച്.ഒ മോഹിത് പി.കെ, സബ് ഇന്‍സ്പെക്ര്‍ ഉദയകുമാര്‍.വി, എ.എസ്.ഐ രാജേഷ്, സി.പി.ഒ സതീഷ് കുമാര്‍, വിന്‍ജിത്ത്, ഷിതിന്‍ രാജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.