നവജാത ശിശുവിനെ ഫ്രിഡ്ജിനുള്ളിൽ അടച്ച് കിടന്നുറങ്ങി അമ്മ; ദുഷ്ട ശക്തികളുടെ സ്വാധീനമെന്ന് കുടുംബം


15 ദിവസം പ്രായമുള്ള നവജാത ശിശുവിനെ ഫ്രിഡ്ജിൽ അടച്ച് കിടന്നുറങ്ങി അമ്മ. ഉത്തർപ്രദേശ് മൊറാദാബാദിലെ കുർളയിലാണ് യുവതി നവജാത ശിശുവിനെ ഫ്രിഡ്ജിനുള്ളിലടച്ചത്. ദുഷ്ട ശക്തിയുടെ സ്വാധീനമെന്ന് കരുതി പരി​ഹാര ക്രീയകൾ നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. ഒടുവിൽ യുവതിക്ക് പോസ്റ്റ് പാര്‍ട്ടം ഡിപ്രഷൻ (പ്രസവാനന്തര വിഷാദം) എന്ന ​ഗുരുതരമായ രോ​ഗാവസ്ഥയാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തുകയായിരുന്നു.

23 കാരിയാണ് തന്റെ 15 ദിവസം പ്രായമുള്ള ആണ്‍ കുഞ്ഞിനെ റഫ്രിജറേറ്ററിനുള്ളിലടച്ചത്. കുഞ്ഞിന്‍റെ കരച്ചില്‍ കേട്ട് അടുക്കളയിലേക്ക് ഓടിയെത്തിയ മുത്തശ്ശിയാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. ഉടന്‍ തന്നെ കുഞ്ഞിനെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. വിദഗ്ധ ചികിത്സക്ക് ശേഷം കുഞ്ഞിന്‍റെ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

കുഞ്ഞിനെ പ്രസവിച്ചതിന് പിന്നാലെ യുവതിയുടെ ആരോഗ്യം മോശമായിരുന്നു. ദുഷ്ടശക്തികളുടെ സ്വാധീനത്തിലാണെന്ന് യുവതി കുഞ്ഞിനെ ഫ്രിഡ്ജിൽ വച്ചതെന്നായിരുന്നു കുടുംബം വിശ്വസിച്ചിരുന്നത്. യുവതിയെ ദുഷ്ട ശക്തികളില്‍ നിന്ന് മോചിപ്പിക്കാനായി ആചാരങ്ങളും പരിഹാര ക്രിയകളും കുടുംബം നടത്തി. എന്നാല്‍ അതെല്ലാം വെറുതായി.

തുടര്‍ന്നാണ് അവളെ സൈക്യാട്രി ആൻഡ് ഡീ-അഡിക്ഷൻ സെന്ററിലേക്ക് കൊണ്ടുപോകുന്നത്. സൈക്യാട്രിസ്റ്റായ ഡോ. കാർത്തികേയ ഗുപ്തയാണ് യുവതിക്ക് പോസ്റ്റ് പാര്‍ട്ടം ഡിപ്രഷനുണ്ടെന്ന് കണ്ടെത്തുന്നത്. യുവതിക്ക് ഇപ്പോൾ കൗൺസിലിംഗും ചികിത്സയും നല്‍കിവരികയാണ്.

Previous Post Next Post