
സ്കൂൾ അധ്യാപികയെ ഭർത്താവും കൂട്ടുകാരും ചേർന്ന് ആക്രമിക്കുകയും ചെരിപ്പുമാല അണിയിച്ച് റോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തു. സഹപ്രവർത്തകനുമായി അവിഹിത ബന്ധം ആരോപിച്ചായിരുന്നു ഈ ക്രൂരത. സഹപ്രവർത്തകനെ അടിവസ്ത്രം മാത്രം ധരിപ്പിച്ച് റോഡിലൂടെ നടത്തി. ഒഡീഷയിലെ പുരിയിലാണ് സംഭവം നടന്നത്.
ഭർത്താവുമായി അകന്ന് കഴിയുന്ന അധ്യാപിക പുരിയിലെ നീമപാഡയിലുള്ള വാടക വീട്ടിലാണ് താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. കോളജ് അധ്യാപകനായ ഭർത്താവുമായി അധ്യാപികയ്ക്ക് നേരത്തെ തന്നെ കുടുംബ പ്രശ്നങ്ങളുണ്ടായിരുന്നു. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ ഭർത്താവും കുറച്ച് കൂട്ടുകാരും ചേർന്ന് അധ്യാപികയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറി.
വീടിനുള്ളിൽ യുവതിക്കൊപ്പം പുരുഷ സുഹൃത്തിനെ കണ്ടതോടെ ഇരുവരെയും ഭർത്താവ് ആക്രമിച്ചു. യുവതിയെ ഭർത്താവ് വീട്ടിൽ നിന്ന് വലിച്ചിഴച്ച് പുറത്തേക്കിട്ട് മർദിക്കുന്നതും ചെരിപ്പുമാല അണിയിക്കുന്നതുമായ ദൃശ്യം പുറത്തുവന്നു. നാട്ടുകാരുടെ മുന്നിൽ വെച്ച് ഇരുവരെയും റോഡിലൂടെ നടത്തിച്ചു. പുരുഷ സുഹൃത്തിനെ അടിവസ്ത്രം മാത്രം ധരിപ്പിച്ച് പൊതുസ്ഥലത്ത് അപമാനിക്കുകയും ചെയ്തു.