
കൊല്ലം: കൊല്ലം കടയ്ക്കൽ കാറ്റാടിമൂടിൽ പാഴ്സൽ വാഹനം ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കാറ്റാടിമൂട് സ്വദേശി വിജയനാണ് മരിച്ചത്. ഐഎംഎയുടെ പാഴ്സൽ വാഹനമാണ് ബൈക്കിനെ ഇടിച്ചു തെറിപ്പിച്ചത്. വീട്ടിൽ നിന്നും റോഡിലേക്ക് കയറി വരുന്നതിനിടെ ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു. കടയ്ക്കലിൽ നിന്നും ചടയമംഗലത്തേക്ക് വരികയായിരുന്ന ലോറിയാണ് ഇടിച്ചത്.
ഗുരുതരമായി പരിക്കേറ്റ വയോധികനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇതിനിടെ, പത്തനംതിട്ടയിൽ ബസ് കാത്തുനിന്ന വയോധികയെ നിയന്ത്രണം വിട്ട കാർ ഇടിച്ചു തെറിപ്പിച്ചു. പത്തനംതിട്ട എഴുമറ്റൂർ ചുഴനയിൽ ഇന്ന് രാവിലെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ 75 കാരി പൊടിയമ്മയെ കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രി എത്തിച്ചപ്പോഴേക്കും മരിച്ചു. സ്വകാര്യ കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പൊലീസ് പറയുന്നു.