വോട്ടര്‍ അധികാര്‍ യാത്രയുടെ വിജയത്തില്‍ എല്ലാവരോടും നന്ദി പറഞ്ഞ് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ആര്‍ജെഡി നേതാക്കളായ ലാലു പ്രസാദ് യാദവ്, തേജസ്വി യാദവ് അടക്കമുള്ളവരോടാണ് രാഹുല്‍ നന്ദി പറഞ്ഞ് രംഗത്തെത്തിയത്. സമൂഹമാധ്യമത്തിലൂടെയായിരുന്നു രാഹുല്‍ നന്ദി പ്രകടിപ്പിച്ചത്. പട്‌നയിലെ ഗാന്ധിമൈതാനിയില്‍ നടന്ന യാത്രയുടെ സമാപന ചടങ്ങിന് ശേഷമായിരുന്നു രാഹുലിന്റെ പ്രതികരണം.
അതേസമയം കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കടന്നാക്രമിച്ച് ‘വോട്ടര്‍ അധികാര്‍ യാത്ര’യുടെ സമാപന ദിനത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു.താന്‍ പുറത്തുവിട്ട വോട്ട് മോഷണ ആരോപണത്തിന് പിന്നാലെ കൂടുതല്‍ ഗുരുതരമായ വിവരങ്ങള്‍ പുറത്തുവരാന്‍ പോകുന്നു എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
ഹൈഡ്രജന്‍ ബോംബ് എന്നാണ് വരാനിരിക്കുന്ന പുതിയ വെളിപ്പെടുത്തലിനെ രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ചിരിക്കുന്നത്. വോട്ട് മോഷണത്തിന് പിന്നാലെ മറ്റൊരു സുപ്രധാന വെളിപ്പെടുത്തലിന് കോണ്‍ഗ്രസ് തയ്യാറെടുക്കുകയാണ്. ഇതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖം ഉയര്‍ത്തി രാജ്യത്തെ അഭിമുഖീകരിക്കാന്‍ സാധിക്കില്ല എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു