
ഭൂട്ടാനിൽ നിന്നുള്ള ആഡംബര കാറുകൾ നികുതി വെട്ടിച്ച് ഇന്ത്യയിൽ എത്തിയെന്ന ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് കേരളത്തിൽ നടത്തിയ പരിശോധനയിൽ ദുൽഖർ സൽമാന്റെ രണ്ട് വാഹനങ്ങളും കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നായി 11 വാഹനങ്ങളും പിടിച്ചെടുത്തു. ദുൽഖർ സൽമാന്റെ കാറുകൾ പിടിച്ചെടുത്തതിന് പുറമെ, കൂടുതൽ വാഹനങ്ങൾ ഉണ്ടെങ്കിൽ ഹാജരാക്കണമെന്ന് അറിയിച്ച് സമൻസും നൽകി.
കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഏഴ് ഇടങ്ങളിൽ നിന്നാണ് 11 വാഹനങ്ങൾ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. പിടിച്ചെടുത്ത വാഹനങ്ങൾ കരിപ്പൂർ വിമാനത്താവളത്തിലുള്ള കസ്റ്റംസ് ഓഫീസിൽ എത്തിക്കുമെന്നാണ് റിപ്പോർട്ട്. കസ്റ്റംസിന്റെ ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി സംസ്ഥാനത്ത് കോഴിക്കോട്, മലപ്പുറം, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് പരിശോധന നടത്തിയത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി നാല് ഷോറൂമുകളിലും മൂന്ന് വീടുകളിലുമാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. ഓപ്പറേഷൻ സംബന്ധിച്ച് വിവരങ്ങൾ നൽകുന്നതിനായി കസ്റ്റംസ് കമ്മീഷണർ വൈകുന്നേരം മാധ്യമങ്ങളെ കാണുമെന്നും അറിയിച്ചിട്ടുണ്ട്.