തിങ്കളാഴ്ച ബംഗളൂരുവിൽ നിന്ന് വാരണാസിയിലേക്കു പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കോക്പിറ്റിന്റെ വാതിൽ തുറക്കാൻ ശ്രമിച്ചു യാത്രക്കാരൻ. സുരക്ഷാ കോഡ് തെറ്റായി അമർത്തുകയായിരുന്നു ഇയാൾ. ആദ്യമായി വിമാനത്തിൽ കയറിയതിനാൽ ഈ സംവിധാനത്തെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്ന് യാത്രക്കാരൻ പറഞ്ഞു. കോക്പിറ്റിന്റെ വാതിൽ ശൗചാലയമാണെന്ന് തെറ്റിദ്ധരിച്ചുവെന്നാണ് അദ്ദേഹം പറഞ്ഞത്. ഹൈജാക്ക് ശ്രമമാണെന്ന് സംശയിച്ച് പൈലറ്റ് ആവശ്യമായ കരുതലെടുത്തു.
മണി എന്ന പേരുള്ള യാത്രക്കാരനെയും കൂടെ യാത്ര ചെയ്ത എട്ടുപേരെയും ലാൻഡിങ്ങിനു ശേഷം ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു. വാരണാസിയിൽ വച്ച് ഇവരെ യുപി പൊലീസിന് കൈമാറിയതായാണ് അധികൃതർ അറിയിച്ചത്. എയർ ഇന്ത്യ എക്സ്പ്രസിന്റെ ഐഎക്സ്-1086 വിമാനത്തിലാണ് സംഭവം.