ഓണം ആഘോഷിക്കാൻ ബന്ധുവീട്ടിൽ പോയി.. തിരികെ വന്നപ്പോൾ കണ്ടത് ..കവർച്ച ചെയ്യപെട്ടതിൽ മുക്കുപണ്ടവും…


        
വീട്ടുകാർ ഓണം ആഘോഷിക്കാൻ ബന്ധുവീട്ടിൽ പോയ തക്കം നോക്കി വീടിൻ്റെ വാതിൽ കുത്തിപ്പൊളിച്ച് മോഷണം. ഏഴായിരം രൂപയോളം മോഷ്ടാക്കൾ കവർന്നു. ഏങ്ങണ്ടിയൂർ ഏത്തായ് പടിഞ്ഞാറ് നായരുകുന്ന് കുന്നത്ത് വീട്ടിൽ മംഗളാനന്ദൻ്റെ വീട്ടിലായിരുന്നു മോഷണം നടന്നത്. കുടുംബം കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഓണമാഘോഷിക്കാൻ സഹോദരിയുടെ വീട്ടിൽ പോയത്. കഴിഞ്ഞദിവസം വീട്ടിലെത്തി മുൻവശത്തെ വാതിൽ തുറന്ന് അകത്ത് കയറി നോക്കിയപ്പോഴാണ് അലമാരയിലെ സാധനങ്ങൾ വാരിവലിച്ചിട്ട നിലയിൽ കണ്ടത്.

തുടർന്ന് നടത്തിയ പരിശോധനയലാണ് വീട്ടിൽ ക്ഷേത്രത്തിലേക്കായി മാറ്റി വെച്ചിരുന്ന 5000 രൂപയും സഹോദരി സൂക്ഷിച്ചിരുന്ന മുളം കുടുക്കയിലെ രണ്ടായിരം രൂപയും നഷ്ടപ്പെട്ടതായി കണ്ടത്. ബാഗിൽ ഉണ്ടായിരുന്ന പുതിയ മുക്ക് പണ്ടവും കാണാതായി. പിറകിലെ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്തു കയറിയിട്ടുള്ളത്. കുടുംബം വാടാനപ്പള്ളി പൊലീസിൽ പരാതി നൽകി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


        

أحدث أقدم