രാജ്യത്ത് പുതിയ ആണവ നിലയത്തിന് തറക്കല്ലിട്ട് മോദി..


രാജസ്ഥാനിലെ ബൻസ്വരയിൽ നിരവധി പദ്ധതികൾക്ക് തറക്കല്ലിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. 1.22 ലക്ഷം കോടിയിലധികം രൂപയുടെ കേന്ദ്ര-സംസ്ഥാന സർക്കാർ പദ്ധതികൾക്കാണ് പ്രധാനമന്ത്രി ഇന്ന് തറക്കല്ലിട്ടത്. അനുശക്തി വിദ്യുത് നിഗം ​​ലിമിറ്റഡിന്റെ മഹി ബൻസ്വര രാജസ്ഥാൻ ആണവ വൈദ്യുത പദ്ധതിയാണ് ഇതിൽ പ്രധാനം. ഈ ആണവ വൈദ്യുത പദ്ധതിയ്ക്ക് മാത്രം ഏകദേശം 42,000 കോടി രൂപയാണ് കണക്കാക്കിയിരിക്കുന്നത്. പ്ലാന്റിൽ നാല് 700 മെഗാവാട്ട് പ്രഷറൈസ്ഡ് ഹെവി വാട്ടർ റിയാക്ടറുകൾ ഉണ്ടാകും. രാജ്യത്തെ ഏറ്റവും വലിയ ആണവ സൗകര്യങ്ങളിൽ ഒന്നായി ഇത് മാറുമെന്നാണ് വിലയിരുത്തൽ.

എല്ലാവർക്കും താങ്ങാനാവുന്ന, വിശ്വസനീയവും സുസ്ഥിരവുമായ വൈദ്യുതി നൽകുക എന്ന ലക്ഷ്യത്തെ ഈ ആണവ വൈദ്യുത പദ്ധതി ഉയർത്തിക്കാട്ടുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇത് സ്ഥിരമായ ബേസ് ലോഡ് പവർ നൽകുകയും ഇന്ത്യയുടെ ഊർജ്ജ സുരക്ഷയെ ശക്തിപ്പെടുത്തുകയും ചെയ്യും. നൂതന സുരക്ഷാ സംവിധാനങ്ങളോടെ എൻപിസിഐഎല്ലാണ് ഈ റിയാക്ടറുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. രാജ്യത്തുടനീളം പത്ത് സ്റ്റാൻഡേർഡ് 700 മെ​ഗാവാട്ട് യൂണിറ്റുകൾ നിർമ്മിക്കാനുള്ള ഇന്ത്യയുടെ ‘ഫ്ലീറ്റ് മോഡ്’ പദ്ധതിയുടെ ഭാഗമാണിത്. ചെലവ് കുറക്കുക, നിർമ്മാണം വേഗത്തിലാക്കുക തുടങ്ങിയവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

അതേസമയം, രാജസ്ഥാനിൽ ഏകദേശം 19,210 കോടി രൂപയുടെ പുനരുപയോഗ ഊർജ്ജ പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഫലോഡി, ജയ്സാൽമീർ, ജലോർ, സിക്കാർ എന്നിവിടങ്ങളിലെ സൗരോർജ്ജ സൗകര്യങ്ങളും ബിക്കാനീറിലെ ഒരു പുതിയ പദ്ധതിയും ഇതിൽ ഉൾപ്പെടുന്നു. ഈ പ്ലാന്റുകൾ ഹരിത വൈദ്യുതി ഉൽപ്പാദനം വർദ്ധിപ്പിക്കുമെന്നും ദശലക്ഷക്കണക്കിന് ടൺ കാർബൺ ബഹിർ​ഗമനം കുറയ്ക്കാൻ സഹായിക്കുമെന്നുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Previous Post Next Post