റോഡ് ഉദ്ഘാടനം വിവാദം; ട്രാഫിക് എസ്ഐക്ക് സസ്പെൻഷൻ


മൂവാറ്റുപുഴ നഗരത്തിലെ എം സി റോഡ് ഉദ്ഘാടനം വിവാദത്തിലായതിന് പിന്നാലെ പൊലീസുകാരന് സസ്പെൻഷൻ. മൂവാറ്റുപുഴ എംഎൽഎയുടെ നിർദ്ദേശപ്രകാരം റോഡ് ഉദ്ഘാടനം ചെയ്ത ട്രാഫിക് എസ്ഐയെ സസ്പെൻഡ് ചെയ്തു. മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെ ഉദ്ഘാടനത്തിൽ പങ്കെടുത്തതിനാണ് നടപടി. ട്രാഫിക് എസ്ഐ കെ പി സിദ്ദിഖിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.

നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെ ട്രാഫിക് എസ് ഐയെ കൊണ്ട് എംഎൽഎ റോഡ് ഉദ്ഘാടനം ചെയ്യിച്ചതാണ് വിവാദമായത്. രാഷ്ട്രീയ അജണ്ടയ്ക്ക് ഉദ്യോഗസ്ഥർ കൂട്ടുനിന്നു എന്നാണ് സിപിഎം ആരോപണം. നിർമ്മാണം പുരോഗമിക്കുന്നതിനിടെ ആണ് കഴിഞ്ഞ ദിവസം റോഡ് തുറന്നുകൊടുത്തത്. ടാറിംഗ് പൂർത്തിയാക്കിയതോടെ കച്ചേരിതാഴം മുതൽ പി ഒ ജംഗ്ഷൻ വരെ റോഡ് തുറന്നു കൊടുത്തിരുന്നു. സംഭവത്തിൽ മുഖ്യമന്ത്രിക്കും ഡിജിപിക്കും സിപിഎം പരാതി നൽകി. പൊലീസ് ഉദ്യോഗസ്ഥൻ രാഷ്ട്രീയ നാടകം കളിച്ചു എന്ന് കാണിച്ചാണ് സിപിഎം മൂവാറ്റുപുഴ ഏരിയ സെക്രട്ടറി മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.

Previous Post Next Post