
വനമേഖലയിൽ 15 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കുഞ്ഞിന്‍റെ ചുണ്ടുകൾ പശ ഉപയോഗിച്ച് ഒട്ടിച്ച നിലയിലായിരുന്നു. കുഞ്ഞിന്‍റെ വായിൽ കല്ലും കണ്ടെത്തി. കുഞ്ഞ് കരയാതിരിക്കാനാവണം ഇങ്ങനെ ചെയ്തത്. രാജസ്ഥാനിലെ ഭിൽവാര ജില്ലയിലാണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
കന്നുകാലികളെ മേയ്ക്കുന്നയാളാണ് വനമേഖലയിൽ കുട്ടിയെ കണ്ടത്. അയാൾ ഉടനെ കുഞ്ഞിന്‍റെ വായിൽ നിന്ന് കല്ല് നീക്കം ചെയ്തു. ഉടൻ തന്നെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ എത്തിച്ചു. കുഞ്ഞ് നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഭിൽവാരയിലെ മണ്ഡൽഗഡിലെ ബിജോളിയ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം റിപ്പോർട്ട് ചെയ്തത്. സീതാ കുണ്ഡ് ക്ഷേത്രത്തിന് മുന്നിലുള്ള റോഡിനോട് ചേർന്നുള്ള വനത്തിൽ നിന്നാണ് കുഞ്ഞിനെ കിട്ടിയതെന്ന് പൊലീസ് പറഞ്ഞു.
കുഞ്ഞിന്‍റെ മാതാപിതാക്കളെ കണ്ടെത്താൻ ശ്രമം തുടങ്ങിയെന്ന് പൊലീസ് പറഞ്ഞു. സമീപത്തെ ആശുപത്രികളിൽ നടന്ന പ്രസവങ്ങളുടെ കണക്കെടുക്കുന്നുണ്ട്. വനമേഖലയോട് ചേർന്നുള്ള ഗ്രാമങ്ങളിലെ ആളുകളെയും ചോദ്യം ചെയ്യുന്നുണ്ട്. അപായം സംഭിക്കാൻ ഏറെ സാധ്യതയുള്ള പ്രദേശത്തു നിന്ന് അത്ഭുതകരമായാണ് കുഞ്ഞ് രക്ഷപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.