തുടർഭരണം ലഭിച്ചിട്ടും സർക്കാരിന് ജനങ്ങൾക്കിടയിൽ പ്രതീക്ഷിച്ച മേൽക്കൈ നേടാൻ സാധിച്ചില്ല; കേരള സർക്കാരിന്റെ നയങ്ങളെയും പ്രവർത്തനങ്ങളെയും വിമർശിച്ച് സി.പി.ഐ. രാഷ്ട്രീയ റിപ്പോർട്ട്


        

കേരള സർക്കാരിന്റെ നയങ്ങളെയും പ്രവർത്തനങ്ങളെയും വിമർശിച്ച് സി.പി.ഐ. രാഷ്ട്രീയ റിപ്പോർട്ട്. സി.പി.ഐയുടെ 25-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി നടന്ന സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അവതരിപ്പിച്ച റിപ്പോർട്ടിലാണ് ഈ കാര്യങ്ങൾ വിശദമാക്കിയത്.

സംസ്ഥാനത്ത് തുടർഭരണം ലഭിച്ചിട്ടും സർക്കാരിന് ജനങ്ങൾക്കിടയിൽ പ്രതീക്ഷിച്ച മേൽക്കൈ നേടാൻ സാധിച്ചില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. പോലീസിന്റെ നടപടികൾക്ക് നേരെയാണ് പ്രധാന വിമർശനം. പോലീസിന്റെ പ്രവർത്തനങ്ങൾ പലപ്പോഴും ജനവിരുദ്ധമാണെന്നും അത് സർക്കാരിന്റെ പ്രതിച്ഛായയെ മോശമായി ബാധിക്കുന്നുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അതേസമയം, സി.പി.ഐ. മന്ത്രിമാരുടെ പ്രകടനം മികച്ചതാണെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു.

സർക്കാരിന്റെ മദ്യനയത്തോടുള്ള വിയോജിപ്പും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വിദേശമദ്യ നിർമാണത്തോടാണ് സർക്കാരിന് കൂടുതൽ താൽപ്പര്യമെന്നും, അതിനു വേണ്ടിയുള്ള നയങ്ങൾ ആവിഷ്കരിക്കുന്നുണ്ടെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. എന്നാൽ, കള്ള് ചെത്ത് തൊഴിലാളികളുടെ ക്ഷേമത്തിനായി കാര്യമായ പദ്ധതികൾ ഒന്നുംതന്നെ നടപ്പാക്കുന്നില്ല. കേരളത്തിന്റെ സാമൂഹിക മാറ്റങ്ങൾക്ക് വലിയ സംഭാവനകൾ നൽകിയവരാണ് ഈ വിഭാഗമെന്നും റിപ്പോർട്ട് ഓർമ്മിപ്പിക്കുന്നു.

അടിസ്ഥാന ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി സർക്കാർ കാര്യമായൊന്നും ചെയ്യുന്നില്ലെന്നും റിപ്പോർട്ട് പറയുന്നു. പാവപ്പെട്ട തൊഴിലാളികളാണ് എൽ.ഡി.എഫിന്റെ ജനകീയ അടിത്തറ. എന്നിട്ടും അവർക്ക് അർഹിക്കുന്ന പരിഗണന ലഭിക്കുന്നില്ല. കൂടാതെ, വിവിധ ക്ഷേമബോർഡുകൾക്ക് ആവശ്യമായ ഫണ്ട് കിട്ടാത്തതിനാൽ അവയുടെ പ്രവർത്തനം താറുമാറായതായും ചൂണ്ടിക്കാട്ടുന്നു. കർഷകരുടെ കടാശ്വാസ കമ്മീഷന്റെ പ്രവർത്തനത്തിലും കാര്യമായ പുരോഗതിയില്ലെന്ന് റിപ്പോർട്ട് വിമർശിക്കുന്നു. ഇത് കൃഷി വകുപ്പിനുള്ള വിമർശനമായി വിലയിരുത്തപ്പെടുന്നു.

വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മുന്നണിയിൽ നിന്ന് അകന്നുപോയവരെ തിരികെ കൊണ്ടുവരാനുള്ള പദ്ധതികൾ ആവിഷ്കരിക്കണമെന്ന് റിപ്പോർട്ട് നിർദ്ദേശിക്കുന്നു. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ നിയമം കൊണ്ടുവരണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നുണ്ട്.

Previous Post Next Post