ഖത്തർ തലസ്ഥാനമായ ദോഹയിൽ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടുള്ള ആക്രമണത്തിന് പിന്നാലെ യെമൻ തലസ്ഥാനമായ സന്‍ആയിലും ബോംബിട്ട് ഇസ്രായേല്‍. ഒമ്പത് പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. ആക്രമണം നടന്നെന്ന് ഇസ്രായേലും യെമനും സ്ഥിരീകരിച്ചു. സന്‍ആക്ക് പുറമെ അൽ ജാവ്ഫ് ഗവർണറേറ്റിലും ഇസ്രായേൽ വ്യോമാക്രമണം നടത്തി. ഇസ്രായേൽ ആക്രമണത്തിൽ 118 പേർക്ക് പരിക്കേറ്റതായി യെമൻ ആരോഗ്യ മന്ത്രാലയം തന്നെ വ്യക്തമാക്കുന്നുണ്ട്.
രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും പരിക്കേറ്റവരുടെ എണ്ണം ഉയര്‍ന്നേക്കാമെന്നുമാണ് ആരോഗ്യ മന്ത്രാലയം അറിയിക്കുന്നത്. സന്‍ആയിലെ അൽ-തഹ്‌രിർ പരിസരത്തെ വീടുകൾ, നഗരത്തിന്റെ തെക്കുപടിഞ്ഞാറുള്ള 60-ാം സ്ട്രീറ്റിലെ ഒരു ആശുപത്രി കെട്ടിടം, അൽ ജാവ്ഫിലെ ഒരു സർക്കാർ കോമ്പൗണ്ട് എന്നിവയുൾപ്പെടെയുള്ള സിവിലിയൻ, റെസിഡൻഷ്യൽ മേഖലകളിലാണ് ആക്രമണങ്ങള്‍ നടന്നതെന്നും മന്ത്രാലയം അറിയിച്ചു.