നാളെ വരവേല്‍പ്പ് , ബസേലിയോസ് ജോസഫ് തിരുമേനിയുടെ സന്ദര്‍ശനം ആഘോഷമാക്കാന്‍ അയര്‍ലണ്ടിലെ വിശ്വാസികള്‍

ഡബ്ലിന്‍: മലങ്കര യാക്കോബായ സുറിയാനി സഭയുടെ  പരമാധ്യക്ഷന്‍ ബസേലിയോസ് ജോസഫ് തിരുമേനിയെ വരവേല്‍ക്കാന്‍ അയര്‍ലണ്ടിലെ വിശ്വാസി സമൂഹം ഒരുങ്ങുന്നു. കാതോലിക്കാ ബാവ ആയതിനു ശേഷമുള്ള തിരുമേനിയുടെ ആദ്യത്തെ അയര്‍ലണ്ട് സന്ദര്‍ശനം ഗംഭീര ആഷോഘമാക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. നാളെ 19 വെള്ളിയാഴ്ച്ച മുതല്‍ 24വരെയാണ് ബാവാതിരുമേനിയുടെ ഈ അനുഗ്രഹീത സന്ദര്‍ശനം.

നാളെ അയര്‍ലണ്ടില്‍ എത്തുന്ന ബാവയെ അയര്‍ലണ്ട് ഭദ്രാസന മെത്രാപോലിത്ത തോമസ് മാര്‍ അലക്‌സന്ത്രയോസ് , ഭദ്രാസന വൈസ് പ്രസിഡണ്ട് ഫാ . ജിനോ ജോസഫ്, സെക്രട്ടറി ഫാ. ഡോ. ജോബി സ്‌കറിയ, ട്രഷറര്‍ സുനില്‍ എബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ ഭദ്രാസന ഭാരവാഹികളും കൗണ്‍സില്‍ അംഗങ്ങളും ഭക്ത സംഘടനാ ഭാരവാഹികളും ചേര്‍ന്ന് സ്വീകരിക്കും.വൈകീട്ട് ഗോള്‍വേയിലേക്ക് പോകുന്ന തിരുമേനി, ഗോള്‍വേ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയിലെ സന്ധ്യാപ്രാര്‍ത്ഥനക്ക് കാതോലിക്കാ ബാവ തിരുമേനി മുഖ്യ കാര്‍മ്മികത്വം വഹിക്കും.

ശനിയാഴ്ച നോക്കില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണം

20ന് വൈകിട്ട് നാലിന് അയര്‍ലണ്ട് ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ ബാവയ്ക്ക്,രാജ്യത്തെ ഇരുപത് യാക്കോബായ ഇടവകകളില്‍ നിന്നുള്ള വിശ്വാസി സമൂഹം ഹൃദ്യമായ സ്വീകരണം നല്‍കും. തുടര്‍ന്ന് യൂറോപ്പിലെ പ്രമുഖ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ നോക്ക് പള്ളിയില്‍ ബാവായുടെ മുഖ്യ കാര്‍മികത്വത്തിലും മെത്രാപോലിത്ത തോമസ് മാര്‍ അലക്സന്ത്രയോസ് തിരുമേനിയുടെ സഹകാര്‍മികത്വത്തിലും വിശുദ്ധ കുര്‍ബാന നടക്കും.

21ന് ഡബ്ലിന്‍ സെന്റ് ഗ്രീഗോറിയോസ് സുറിയാനി പള്ളിയുടെ ഇരുപതാമത് വാര്‍ഷിക ആഘോഷ പരിപാടികളില്‍ തിരുമേനി പങ്കെടുക്കും.അയര്‍ലണ്ടിലെ വിവിധ സഭാ മേലധ്യക്ഷരും രാഷ്ട്രീയ സാംസ്‌കാരിക നേതാക്കളും പരിപാടിയില്‍ സംബന്ധിക്കും.പിന്നീട് സെന്റ് ഗ്രിഗോറീസ് പള്ളി പുതുതായി വാങ്ങിയ സ്ഥലത്തിന്റെ കൂദാശയും തിരുമേനി നിര്‍വഹിക്കും.

22ന് വാട്ടര്‍ഫോര്‍ഡ് സെന്റ് മേരിസ് പള്ളിയില്‍ സന്ധ്യപ്രാര്‍ത്ഥനയ്ക്ക് തിരുമേനി നേതൃത്വം നല്‍കും. 23ന് കത്തോലിക്കാ സഭയുടെ വാട്ടര്‍ഫോര്‍ഡ് ബിഷപ്പ് അല്‍ഫോന്‍സ് കല്ലിനാനെ ബാവ തിരുമേനി സന്ദര്‍ശിക്കും.

കോര്‍ക്ക് സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി പള്ളിയിലും ബാവയ്ക്ക് സ്വീകരണം നല്‍കും. ഇവിടെ സന്ധ്യാപ്രാര്‍ത്ഥനയോടെ സന്ദര്‍ശന പരിപാടി സമാപിക്കും.അയര്‍ലണ്ടിന്റെ സ്നേഹവായ്പ്പുകളെല്ലാം ഏറ്റുവാങ്ങി 24ന് ബാവാ മടങ്ങും

അയര്‍ലണ്ടിലെ യാക്കോബായ സുറിയാനി സഭയുടെ വളര്‍ച്ചയില്‍ നാഴികക്കല്ലാവുന്ന പരിശുദ്ധ ബാവായുടെ സന്ദര്‍ശനം ആഘോഷമാക്കാനുള്ള തയാറെടുപ്പിലാണ് അയര്‍ലണ്ടിലെ സഭാ വിശ്വാസികള്‍, കത്തോലിക്കാ ബാവായുടെ സന്ദര്‍ശനത്തിന് നേതൃത്വം വഹിക്കുന്ന ഭദ്രാസന മെത്രാപോലിത്ത തോമസ് മാര്‍ അലക്സന്ത്രയോസ് തിരുമേനി ഇന്നലെ തന്നെ ഡബ്ലിനില്‍ എത്തിയിട്ടുണ്ട്.

അഭിവന്ദ്യ തോമസ് മോര്‍ അലക്‌സന്ത്രയോസ് തിരുമേനിയുടെ നേതൃത്വത്തില്‍,ഫാ.ജിനോ ജോസഫ്,ഫാ.ഡോ.ജോബിമോന്‍ സ്‌കറിയ,ഫാ.ബിജോയ് കാരുകുഴിയില്‍,ഫാ.പീറ്റര്‍ വര്‍ഗീസ്, സുനില്‍ എബ്രഹാം,ജിബി ജേക്കബ്,ജെയ്മോന്‍ മാര്‍ക്കോസ്,സന്ദിപ് കല്ലുങ്കല്‍,ബിനു ബി അന്തിനാട്ട്,എന്നിവര്‍ ഉള്‍പ്പെട്ട വിപുലമായ കമ്മിറ്റിയാണ് ശ്രേഷ്ഠ ബാവാ തിരുമേനിയുടെ സന്ദര്‍ശനത്തിന് നേതൃത്വം നല്‍കുന്നത്.


أحدث أقدم