‘പ്രകോപനം കൊണ്ടു പറഞ്ഞുപോയതാണ്’, മന്ത്രിയോട് മാപ്പു പറഞ്ഞ് വി ഡി സതീശൻ..


മന്ത്രി ജി ആർ അനിൽ പച്ചക്കള്ളം പറഞ്ഞു എന്ന് പറഞ്ഞത് പ്രകോപനം കൊണ്ടാണ്. പ്രസംഗിച്ചില്ലെന്ന് പറഞ്ഞത് ഓർമ കുറവായിരുന്നു എന്നും സതീശൻ പറഞ്ഞു. പച്ചക്കള്ളം എന്ന് പറഞ്ഞത് അൺ പാർലമെന്ററിയാണ്. അതു തിരിച്ചറിഞ്ഞ് സ്പീക്കർക്ക് എഴുതി നൽകിയിരുന്നു. വാസ്തവ വിരുദ്ധം എന്നായിരുന്നു പറയേണ്ടിയിരുന്നത്. സഭ രേഖകളിൽ നിന്ന് പച്ചക്കള്ളം എന്ന പ്രയോഗം ഒഴിവാക്കണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടിട്ടുണ്ട്.

വിലക്കയറ്റവുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ ചർച്ചയ്ക്ക് മറുപടി പറയവേ, വിഡി സതീശൻ പറവൂരിലെ ഓണച്ചന്ത ഉദ്ഘാടനം ചെയ്തുകൊണ്ട് സർക്കാരിനെ പ്രകീർത്തിച്ചുവെന്ന് മന്ത്രി ജി ആർ അനിൽ സഭയിൽ പറഞ്ഞിരുന്നു. ഇതിനെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രതിപക്ഷ നേതാവ് പ്രതികരിച്ചത്. താൻ പറയാത്ത ഒരു കാര്യം മന്ത്രി നിയമസഭയിൽ പറഞ്ഞപ്പോൾ പെട്ടെന്നുണ്ടായ പ്രകോപനത്തിലാണ് ‘മന്ത്രി പച്ചക്കള്ളം പറയുന്നു’ എന്ന് പറഞ്ഞതെന്ന് സതീശൻ പിന്നീട് വിശദീകരിച്ചു. താൻ സപ്ലൈകോയുടെ പ്രസക്തിയെക്കുറിച്ചാണ് സംസാരിച്ചത്. സർക്കാരിനെ പുകഴ്ത്തിയിട്ടില്ലെന്നും സതീശൻ പറഞ്ഞു.

വിഡി സതീശന്റെ പരാമർശത്തിന് പിന്നാലെ, സഭയിലെ മുതിർന്ന അംഗമായ മാത്യു ടി തോമസ്, പച്ചക്കള്ളം പറയുന്നു എന്ന പ്രയോഗം പാർലമെന്ററി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചു. ‘വസ്തുതാവിരുദ്ധം’ എന്നാണ് ശരിയായ പ്രയോഗമെന്നും മാത്യു ടി തോമസ് വ്യക്തമാക്കി. തുടർന്നാണ് പ്രതിപക്ഷ നേതാവ് പരാമർശം പിൻവലിച്ചത്.

അതേസമയം പ്രതിപക്ഷ നേതാവിന്റെ നടപടിയെ സ്പീക്കർ എ എൻ ഷംസീർ പ്രശംസിച്ചു. പ്രതിപക്ഷ നേതാവ് പരാമർശം തിരുത്തിയത് അനുകരണീയ മാതൃകയാണ്. എല്ലാവരും പിന്തുടരേണ്ടതാണ്. പ്രകോപിതരായി പറഞ്ഞുപോകുന്നതിൽ തെറ്റ് കണ്ടാൽ തിരുത്തുന്നത് അനുകരണീയ മാതൃകയാണെന്നും സ്പീക്കർ പറഞ്ഞു

أحدث أقدم