ദുബായ് എമിറേറ്റ്സ് റോഡിൽ ദുബായ് ക്ലബ് പാലത്തിന് സമീപം തിങ്കളാഴ്ചയുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിക്കുകയും രണ്ടുപേർക്ക് പരുക്കേൽക്കുകയും ചെയ്തു. പരുക്കുകൾ ഗുരുതരമല്ലെന്ന് ദുബായ് പൊലീസ് അറിയിച്ചു. ഷാർജയിലേക്കുള്ള പാതയിൽ
മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മുന്നിൽ പോകുന്ന വാഹനത്തിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കാത്തതാണ് അപകടകാരണമെന്ന് പൊലീസ് വ്യക്തമാക്കി.
അപകടത്തിൽപ്പെട്ട സെഡാനും മിനി ട്രക്കും പൂർണമായി തകർന്ന ദൃശ്യങ്ങൾ അധികൃതർ പുറത്തുവിട്ടു. അതേസമയം മരിച്ചയാളെക്കുറിച്ചും പരുക്കേറ്റവരെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30നാണ് അപകടവിവരം ലഭിച്ചതെന്ന് ദുബായ് പൊലീസ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ഡയറക്‌ടർ
ബ്രിഗേഡിയർ ജുമാ സാലിം ബിൻ സുവൈദാൻ പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ ഒരു ഡ്രൈവർ മുന്നിലുള്ള വാഹനത്തിൽനിന്ന് ആവശ്യമായ അകലം പാലിക്കാത്തതാണ് കൂട്ടിയിടിക്ക് കാരണമായതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.