സംസ്ഥാനത്ത് രണ്ട് ദിവസങ്ങൾക്ക് ശേഷം ഇന്ന് സ്വർണവില ഉയർന്നു. ഇന്ന് പവന് 120 രൂപയാണ് വർദ്ധിച്ചത്. ചൊവ്വാഴ്ച സർവ്വകാല റെക്കോർഡിലായിരുന്നു സ്വർണവില. 82,000 കടന്ന വില തുടർന്നുള്ള ദിവസങ്ങളിൽ കുറഞ്ഞു. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 81,640 രൂപയാണ്. ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 91,000 രൂപയ്ക്ക് മുകളിൽ നൽകണം. നിലവിൽ, ഒരു ഗ്രാം സ്വർണത്തിന് 11000 രൂപ നൽകേണ്ടിവരും.
ഡോളറിന്റെ ബലഹീനതയാണ് സ്വർണവില ഉയരാനുള്ള പ്രധാന കാരണം. ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങൾ, കേന്ദ്ര ബാങ്കുകൾ നടത്തിയ വാങ്ങലുകൾ എന്നിവയാണ് ഈ വർഷം സ്വർണ്ണ വിലയെ നയിച്ചത്. 2025 ൽ ഇതുവരെ ആഭ്യന്തര സ്‌പോട്ട് സ്വർണ്ണ വില ഏകദേശം 45 ശതമാനം ഉയർന്നു. ഡോളർ സൂചികയിലെ ചാഞ്ചാട്ടം കാരണം സ്വർണ്ണ വിലയിൽ ഇടയ്ക്കിടെ ലാഭമെടുപ്പ് ഉണ്ടാകുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. എങ്കിലും, സ്വർണ്ണ വിലയുടെ സാധ്യതകളെക്കുറിച്ച് പരിശോധിക്കുമ്പോൾ അത് കൂടുകയല്ലാതെ കുറയില്ല എന്നാണ് വിലയിരുത്തൽ.
ഇന്നലെ പവന് 320 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിൻ്റെ വില 10205 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിൻ്റെ വില 8380 ആണ്. വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. കഴിഞ്ഞ മാസം 10 ന് വെള്ളിയുടെ വില 125 രൂപയാണ്. ഒരു മാസംകൊണ്ട് ഒരു ഗ്രാമിന് വർദ്ധിച്ചത് 10 രൂപയാണ്. ഇന്ന് ഒരു ഗ്രാം 916 ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 135 രൂപയാണ്.