കൊല്ലം: കൊട്ടാരക്കരയിൽ വീട്ടുമുറ്റത്ത് നിന്നും കളിച്ചു കൊണ്ടിരുന്ന മൂന്നു വയസുകാരൻ കിണറ്റിൽ വീണു മരിച്ചു. വിലങ്ങറ സ്വദേശികളായ ബൈജു - ധന്യ എന്നിവരുടെ മകൻ ദിലിനാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 10.30 ഓടെയാണ് വീട്ടു മുറ്റത്തിരുന്നു കളിച്ചു കൊണ്ടിരിക്കെ കുട്ടി കിണറ്റിൽ വീണത്. തുടർന്ന് ഫയർഫോഴ്സെത്ത് കുട്ടിയെ കിണറ്റിൽ നിന്നു പുറത്തെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചിരുന്നില്ല.
കിണറിന്‍റെ ചുറ്റുമതിൽ ഉയരം കുറഞ്ഞതായിരുന്നു. കിണറിനുളളിലേക്ക് എത്തി നോക്കുന്നതിനിടെയാണ് കുട്ടി കിണറ്റിൽ വീണതെന്നാണ് കരുതുന്നത്. വീടിന് സമീപത്ത് ജോലി ചെയ്തിരുന്ന തൊഴിലാളികൾ കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും വളരെ ആഴമുള്ള കിണറായതിനാൽ സാധിച്ചിരുന്നില്ല.
പിന്നീട് ഉടൻ വീട്ടുകാർ ഫയർഫോഴ്‌സിൽ വിവരം അറിയിക്കുകയായിരുന്നു. കുട്ടിയുടെ പിതാവ് വിദേശത്താണ്. കൊട്ടാരക്കര പൊലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു.