കുവൈറ്റിൽ നിന്ന് വൻതുക ബാങ്ക് ലോൺ എടുത്ത ശേഷം മുങ്ങിയ പ്രതികൾക്കായി ലുകൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനൊരുങ്ങി പോലീസ്. പ്രതികളിൽ ഭൂരിഭാഗം പേരും മറ്റ് രാജ്യങ്ങളിലേക്ക് കടന്നതായാണ് സൂചന. നിലവിൽ കോട്ടയത്തും, എറണാകുളത്തുമായി 12 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കോട്ടയം ജില്ലയിലാണ് കൂടുതൽ കേസുകൾ. മലയാളികള്‍ക്കെതിരെ അൽ അഹ്’ലി ബാങ്ക് ഓഫ് കുവൈത്ത് ആണ് നടപടികൾ സ്വീകരിച്ചിരിക്കുന്നത്. 60 ലക്ഷം മുതൽ ഒന്നര കോടി രൂപ വരെയാണ് ലോൺ എടുത്തിരിക്കുന്നത്.
കേസ് നേരിടുന്നവരിൽ റിക്രൂട്ടിഗ് ഏജൻസികളുടെ തട്ടിപ്പിന് ഇരയായവരും ഉൾപ്പെട്ടതായി വിവരം. കൊച്ചിയിലെ റിക്രൂട്ടിഗ് ഏജൻസികൾ മുഖേനെ കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലേക്ക് കരാർ അടിസ്ഥാനത്തിലും നേരിട്ടും ജോലിയിൽ പ്രവേശിച്ചവരും കേസ് നേരിടുന്നവരിൽ ഉൾപ്പെട്ടിട്ടുണ്ട്. എട്ടായിരം ദിനാർ മുതൽ പത്തായിരം ദിനാർ വരെയാണ് റിക്രൂട്ടിഗ് ഏജൻസികൾ ഉദ്യോഗാർഥികളിൽ നിന്നും കൈക്കൂലിയായി ആവശ്യപ്പെട്ടിരുന്നത്. ഈ തുക കുവൈത്തിൽ എത്തി ജോലിയിൽ പ്രവേശിച്ച ശേഷം ബാങ്ക് ലോൺ എടുത്ത് നൽകണമെന്ന വ്യവസ്ഥയിലാണ് പലരും കുവൈത്തിൽ എത്തിയത്. റിക്രൂട്ടിഗ് ഏജൻസികളുടെ കുവൈത്തിലെ ഏജന്റുമാർ തന്നെയാണ് വിവിധ ബാങ്കുകളിൽ നിന്ന് ജീവനക്കാർക്ക് ലോൺ തരപ്പെടുത്തി കൊടുത്തതും. നിശ്ചിത തുകക്ക് പുറമെ ലോൺ തരപ്പെടുത്തിയതിന്റെ പേരിലും ജീവനക്കാരിൽ നിന്നും ഏജന്റുമാർ വൻ തുക കമ്മീഷൻ അടിച്ചു മാറ്റിയതായും നേരത്തെ പരാതികൾ ഉയർന്നിരുന്നു. ഇതിനായി ബാങ്കുകൾ കേന്ദ്രീകരിച്ചു നിരവധി മലയാളി ഏജന്റുമാരും പ്രവർത്തിച്ചിരുന്നു. എന്നാൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കപ്പെട്ട പലർക്കും ബാങ്കുകൾ വായ്പ്പാ തിരിച്ചടവ് പിടിക്കുന്നത് മൂലം പ്രതി മാസം തുഛമായ ശമ്പളമാണ് കയ്യിൽ ലഭിച്ചിരുന്നത്. ഇത് മൂലം പിടിച്ചു നിൽക്കാൻ പറ്റാത്ത സാഹചര്യത്തിലാണ് പലർക്കും കുവൈത്ത് വിട്ടു പോകേണ്ട സാഹചര്യം ഉണ്ടായത്. എന്നാൽ കുവൈത്തിൽ എത്തിയ ശേഷം മറ്റു യൂറോപ്യൻ രാജ്യങ്ങളിൽ ജോലിക്ക് ശ്രമിക്കുകയും ജോലി ലഭിച്ച ശേഷം വായ്പ തിരിച്ചടവ് നടത്താതെ മനഃപൂർവം കടന്നു കളഞ്ഞവരും കേസ് നേരിടുന്നവരിൽ ഉൾപ്പെട്ടിട്ടുണ്ട്. കുവൈത്തിലെ അൽ അഹ്’ലി ബാങ്കിൽ നിന്നും വായ്പയെടുത്ത് മുങ്ങിയ മലയാളികള്‍ക്കെതിരെ കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ എഫ് ഐ ആർ രജിസ്റ്റര്‍ ചെയ്തത്..കഴിഞ്ഞ വർഷം കുവൈത്തിലെ ഗൾഫ് ബാങ്കും 700 കോടി യോളം രൂപ വായ്പ്പാ തട്ടിപ്പ് നടത്തിയതായി അറിയിച്ചു കൊണ്ട് കേരള പോലീസിൽ കേസ് ഫയൽ ചെയ്തിരുന്നു. ഈ കേസ് നിലനിൽക്കെയാണ് കുവൈത്തിലെ മറ്റൊരു ബാങ്കും സമാനമായ പരാതിയുമായി കേരള പോലീസിനെ സമീപിച്ചിരിക്കുന്നത്. ഇതേ തുടർന്ന് കുവൈത്തിലെ പല ബാങ്കുകളും വായ്പ നൽകുന്നതിൽ കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് മൂലം അത്യാവശ്യ സാഹചര്യങ്ങൾ ഉള്ളവർക്ക് പോലും വായ്പ ലഭിക്കാത്ത അവസ്ഥയാണ് നില നിൽക്കുന്നത്.
ഏറ്റവും കൂടിയ തുകയുടെ തട്ടിപ്പ് തലയോലപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ രജിസ്ട്രർ ചെയ്ത 1.20 കോടിയുടെതാണ്. പ്രിയദർശൻ എന്ന വ്യക്തിക്കെതിരെയാണ് കേസ്. വെള്ളൂർ പൊലീസ് രജിസ്റ്റർ ചെയ്ത 61 ലക്ഷം രൂപയുടെ തട്ടിപ്പ് കേസിൽ കീഴൂർ സ്വദേശി റോബി മാത്യുവിനെയാണ് പ്രതി ചേർത്തിരിക്കുന്നത്.
അയർകുന്നം – 81 ലക്ഷം, കടുത്തുരുത്തിയിൽ 80 ലക്ഷത്തിന്റെ തട്ടിപ്പിനും, കൂടാതെ കൊങ്ങാണ്ടൂർ ടോണി പൂവേലിയിൽ, കടുത്തുരുത്തി സ്വദേശി റെജിമോൻ എന്നിവരാണ് മറ്റ് പ്രതികൾ. ഉഴവൂർ സ്വദേശികളായ സിജോ മോൻ ഫിലിപ്പ്, ജോജോ മാത്യു, സുമിത മേരി എന്നിവർക്കെതിരെയാണ് കുറവിലങ്ങാട് പൊലീസിന്റെ കേസുകൾ. 73.17 ലക്ഷം, 86.45 ലക്ഷം, 61.90 ലക്ഷം എന്നീ രൂപയുടെ തട്ടിപ്പ് പ്രതികൾ നടത്തിയതായാണ് എഫ്‌ഐആർ. എറണാകുളം, മൂവാറ്റുപുഴ , കോതമംഗലം എന്നിവിടങ്ങളിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സാമ്പത്തിക തട്ടിപ്പ്, വഞ്ചന, ഗൂഢാലോചന എന്നീ വകുപ്പുകൾ പ്രകാരമാണ് കേസുകൾ.
പ്രതികൾ ഇന്ത്യയില്‍ കടുത്ത ക്രിമിനല്‍ പ്രോസിക്യൂഷന്‍ നേരിടേണ്ടിവരുമെന്നും ഇത് അവരുടെ കുടിയേറ്റ സാധ്യതകളെ തടസപ്പെടുത്തുമെന്നും നിയമ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. വിദേശത്ത് ഇന്ത്യക്കാരുടെ സൽപേരിനും വിശ്വാസ്യതക്കും കോട്ടം വരുത്തുവാനും കാരണമാകും. കൂടാതെ, സ്വന്തം രാജ്യത്ത് നിന്ന് പോലീസ് ക്ലിയറന്‍സ് ഇല്ലാതെ മറ്റ് രാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തിനും തടസമാകും. മറ്റ് വിദേശ രാജ്യങ്ങളിലേക്കു പോയവർ നാട്ടിലേക്ക് തിരിച്ചുവരുമ്പോൾ ക്രമിനല്‍ കേസിന്റെ പേരില്‍ ഇവർക്കെതിരെ ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും ലുക്ക്ഔട്ട് നോട്ടീസ് നിലനിൽക്കും. കഴിഞ്ഞ വർഷം കുവൈത്തിലെ ഗൾഫ് ബാങ്കും സമാനമായി കേരളത്തിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു.