ഭൂമിക്കുനേരെ അതിവേഗത്തിൽ പാഞ്ഞടുക്കുന്ന ബഹിരാകാശത്തെ ആ അജ്ഞാത വസ്തു അന്യഗ്രഹജീവികളുടെ പേടകമോ ?


ഭൂമിക്കുനേരെ അതിവേഗത്തിൽ പാഞ്ഞടുക്കുന്ന ബഹിരാകാശത്തെ ആ അജ്ഞാത വസ്തു അന്യഗ്രഹജീവികളുടെ പേടകമാകാമെന്ന് ഹാർവാർഡ് സർവകലാശാലയിലെ ശാസ്ത്രജ്ഞർ. അന്യഗ്രഹജീവികൾ ഭൂമിയിലേക്ക് വന്നുകൊണ്ടിരിക്കുകയാവുമെന്ന് അവർ ഭയപ്പെടുന്നു. ഈ അജ്ഞാത വസ്തുവിനെ 31/അറ്റ്ലസ് എന്നാണ് ജ്യോതിശാസ്ത്രജ്ഞർ വിളിക്കുന്നത്.

ഭൂമിയെ കുറിച്ച് പഠിക്കുന്നതിനായി അന്യഗ്രഹത്തിൽ നിന്നയച്ച പേടകമായിരിക്കാം ഇതെന്ന് ശാസ്ത്രജ്ഞർ സംശയിക്കുന്നു. 20 കിമീ വീതിയുള്ള വസ്തുവാണിത്. 2025 ഡിസംബർ 19 ന് ഏകദേശം 2.7 കോടി കിലോമീറ്റർ അകലത്തിലെത്തുന്ന ഈ വസ്തു അതിവേഗമാണ് സൗരയൂഥത്തിലൂടെ സഞ്ചരിക്കുന്നത്.

ഹാർവാർഡ് സർവകലാശാലയിലെ ജ്യോതിശാസ്ത്രജ്ഞനായ അവി ലേയേബിന്റെ നേതൃത്വത്തിൽ പ്രസിദ്ധീകരിച്ച പ്രബന്ധത്തിലാണ് 31/ അറ്റ്ലസിനെ കുറിച്ചുള്ള ആരെയും അമ്പരപ്പിക്കുന്ന സിദ്ധാന്തങ്ങൾ മുന്നോട്ടുവെക്കുന്നത്. ഈ വസ്തുവിന്റെ വലിപ്പത്തിലും സഞ്ചാരഗതിയിലും മറ്റും അസ്വാഭാവികതകളുണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ നിരീക്ഷണം. ഭൂമിയെ നിരീക്ഷിക്കാനോ മാപ്പിങ് ചെയ്യാനോ ഉള്ള ദൗത്യമായിരിക്കാമെന്നും അവർ സംശയിക്കുന്നു.

ഒരു പരീക്ഷണ യോഗ്യമായ സിദ്ധാന്തമായാണ് ഇതിനെ കാണുന്നതെന്ന് യുഎസ് യുഎഫ്ഒ ഡിഫൻസ് മന്ത്രാലയത്തിലെ അന്വേഷണ ഉദ്യോഗസ്ഥൻ നിക്ക് പോപ്പ് പറഞ്ഞു. ഇത് ചിലപ്പോൾ അന്യഗ്രഹജീവികളുമായുള്ള ആദ്യ ബന്ധം സ്ഥാപിക്കലാവാം. അല്ലെങ്കിൽ അത് വെറുമൊരു പാറയായിരിക്കാം. അദ്ദേഹം പറഞ്ഞു. ഈ വസ്തുവിനെ കുറിച്ച് ഹാർവാർഡിലെ ഗവേഷകർ മുന്നോട്ട് വെച്ച ആറ് സിദ്ധാന്തങ്ങൾ നിക്ക് പങ്കുവെച്ചു.

ഇത് ഒരു ഛിന്നഗ്രഹത്തേക്കാൾ വലുതാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. സ്വാഭാവികമായ ബഹിരാകാശ വസ്തുവിന്റെ സഞ്ചാര രീതിയല്ല ഇതിനുള്ളത്. ഹബ്ബിൾ ദൂരദർശിനി ഉപയോഗിച്ചുള്ള നിരീക്ഷണം അനുസരിച്ച് മണിക്കൂറിൽ രണ്ട് ലക്ഷത്തിലേറെ കിലോമീറ്റർ വേഗത്തിലാണ് ഇത് സഞ്ചരിക്കുന്നത്. അതുകൊണ്ടു തന്നെ ഏറ്റവും അധികം വേഗത്തിൽ സൗരയൂഥം സന്ദർശിക്കുന്ന വസ്തുവെന്ന പേരും 31/ അറ്റ്ലസിനാണ്.


ധാരാളം തടസങ്ങളുള്ള ഗാലക്സിയുടെ മധ്യഭാഗത്ത് നിന്ന് വരുന്നതിനാൽ മനുഷ്യർ അത് വളരെ വൈകിയാണ് കണ്ടത്. നമ്മുടെ സൗരയൂഥത്തിലേക്ക് രഹസ്യമായി ഒരു പേടകം അയയ്ക്കാൻ ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കിൽ തിരഞ്ഞെടുക്കേണ്ട കൃത്യമായ മാർഗമാണത്. ശുക്രൻ, ചൊവ്വ, വ്യാഴം എന്നിവയ്ക്ക് സമീപത്ത് കൂടി കടന്നുപോകുന്നതിനാൽ അതിന്റെ സഞ്ചാരപഥം ഒരു മാപ്പിംഗ് ദൗത്യം പോലെ തോന്നുന്നുവെന്നും അത് സ്വാഭാവികമായി സംഭവിക്കാനുള്ള സാധ്യത വളരെ കുറവാണെന്നും ഗവേഷകർ പറഞ്ഞു. അറ്റ്ലസ് ഭൂമിയോട് ഏറ്റവും അടുത്തെത്തുന്ന സമയത്ത് സൂര്യൻ ഇടയ്ക്ക് കയറിവരുന്നതിനാൽ ഭൂമിയിൽ നിന്ന് അതിനെ കാണാനാവില്ല.

അതിനാൽ, സാങ്കേതിക ദൗത്യങ്ങൾക്കായി അയച്ച ഒരു അന്യഗ്രഹ പേടകമോ ഭൂമിയിലേക്ക് വരാനിടയിലുള്ള പേടക ദൗത്യങ്ങൾ വിന്യസിക്കാനോ ആയിരിക്കാം 31/അറ്റ്ലസിന്റെ ആഗമനമെന്നും ശാസ്ത്രജ്ഞർ ഭയപ്പെടുന്നു
أحدث أقدم