കുന്നംകുളം പൊലീസ് സ്റ്റേഷനിലെ മൂന്നാംമുറയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചതിലും ഒത്തുകളി. കോടതി പ്രതിചേര്‍ത്ത സിപിഒ ശശിധരനെതിരെ പൊലീസ് അച്ചടക്ക നടപടി സ്വീകരിച്ചില്ല. സുജിത്ത് വിഎസിനെ ശശിധരന്‍ മര്‍ദ്ദിക്കുന്നത് ദൃശ്യങ്ങളില്‍ ഇല്ലെന്ന പേരിലായിരുന്നു നടപടി ഒഴിവാക്കിയത്.
പൊലീസ് സ്റ്റേഷനിലേക്ക് എത്തുന്നതിനുമുന്‍പ് ഒറീന ജംഗ്ഷനില്‍ ജീപ്പ് നിര്‍ത്തി സിപിഒ ശശിധരന്‍ മര്‍ദ്ദിച്ചു എന്നായിരുന്നു സുജിത്ത് വിഎസിന്റെ ആരോപണം. ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ നടത്തിയ അന്വേഷണത്തില്‍ പുറത്തുവച്ച് ദേഹോപദ്രവം ഏല്‍പ്പിച്ചു എന്നത് സംഭവിക്കാന്‍ സാധ്യതയുള്ളതാണെന്ന് കണ്ടെത്തിയിരുന്നു.
സുജിത്തിനെ ജീപ്പില്‍ സ്റ്റേഷനിലേക്ക് കൊണ്ടുവരുമ്പോള്‍ ജി ഡി ചാര്‍ജില്‍ സ്റ്റേഷനില്‍ ജോലി നോക്കേണ്ടിയിരുന്ന ശശിധരന്‍ പുറത്തുനിന്ന നടന്നു കയറുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് നിലനില്‍ക്കെ ശശിധരന്‍ ഒഴിവാക്കിയതിന് പിന്നില്‍ ഉന്നത രാഷ്ട്രീയ ഇടപെടല്‍ ആണെന്നാണ് സുജിത്തിന്റെ ആരോപണം