പ്രസവാനന്തരം 22 കാരി മരിച്ച സംഭവം.. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം..


        

കൊല്ലം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സാപ്പിഴവിനെ തുടർന്ന് യുവതി മരിച്ചെന്ന് ആരോപണം. പ്രസവ ശസ്ത്രക്രിയയ്ക്കിടെ ഗുരുതരാവസ്ഥയിലായ ജാരിയത്ത് എന്ന 22കാരി മരിച്ച സംഭവത്തിലാണ് കുടുംബാംഗങ്ങൾ പരാതിയുമായെത്തിയത്.കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ 14 നാണ് യുവതിയെ പ്രവേശിപ്പിച്ചത്. പ്രസവത്തെ തുടർന്ന് ആരോഗ്യ സ്ഥിതി ഗുരുതരമായതിനാൽ യുവതിയെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

മൂന്നു വർഷം മുൻപ് സാധാരണ പ്രസവം നടന്ന യുവതിക്ക്. ഇപ്പോൾ സിസേറിയൻ നടത്തി എന്നും അനസ്തേഷ്യ നൽകിയതിലെ പിഴവാണ് യുവതിമരിക്കാൻ കാരണമെന്നും കുടുംബം പറയുന്നു.അനസ്തേഷ്യ നല്‍കിയതില്‍ പിഴവുണ്ടെന്നും അനസ്തേഷ്യ ചെയ്യുന്നതിനായി ഡോക്ടറെ പുറത്തുനിന്ന് കൊണ്ടുവരികയായിരുന്നെന്നും മരിച്ച യുവതിയുടെ ബന്ധുക്കൾ പറയുന്നു.അനസ്തേഷ്യ ഡോക്ടർ 2500 രൂപ കൈക്കൂലി ചോദിച്ചുവെന്നും ആരോപണമുണ്ട്.

അതേസമയം, വീഴ്ചയില്ലെന്നും പ്രസവശേഷം യുവതിയ്ക്ക് രക്തസമ്മർദം കൂടിയെന്നും കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി സൂപ്രണ്ടൻ്റ് ഡോ.അൽഫോൺസ് പറഞ്ഞു. ഗുരുതരാവസ്ഥയിലായിരുന്ന യുവതി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് മരിച്ചത്.

Previous Post Next Post