കൊച്ചി : കയറ്റിറക്കങ്ങള്‍ക്ക് ശേഷം ബുധനാഴ്ച കേരളത്തില്‍ സ്വര്‍ണ വില കൂടി. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 11,815 രൂപയിലെത്തി. പവന് 400 രൂപയുടെ വര്‍ധനവോടെ 94,520 രൂപയിലെത്തി. പുതിയ റെക്കോര്‍ഡാണിത്. ഇന്നത്തെ വിലയോടെ ഒരു പവന് ഒരു ലക്ഷത്തിലേക്കുള്ള ദൂരം 5,480 രൂപ മാത്രമാണ്. റെക്കോര്‍ഡ് വിലയില്‍, കുറഞ്ഞ പണിക്കൂലിയില്‍ പോലും ഒരു പവന്‍ വാങ്ങാന്‍ ഒരു ലക്ഷത്തിലധികം നല്‍കണം. അഞ്ചു ശതമാനം പണിക്കൂലിയില്‍ ഒരു പവന് 1,02,274 രൂപ നല്‍കണം. 10 ശതമാനം പണിക്കൂലിയില്‍ 1,07,091 രൂപയാണ് ഒരു പവന്‍ ആഭരണം വാങ്ങാന്‍ വേണ്ട ചെലവ്. രാജ്യാന്തര സ്വര്‍ണ വില 4191.50 ഡോളറിലെത്തി പുതിയ റെക്കോര്‍ഡിട്ടു. 4,174.10 ഡോളറിലാണ് നിലവില്‍ വ്യാപാരം. അതേസമയം, രൂപ ഡോളറിനെതിരെ 52 പൈസ നേട്ടത്തിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്.