
കാണക്കാരിയിലെ ജെസി കൊലക്കേസിലെ പ്രധാനപ്പെട്ട തെളിവുകളിൽ ഒന്നായ മൊബൈൽ ഫോൺ എംജി ക്യാംപസിലെ പാറക്കുളത്തിൽ നിന്ന് കണ്ടെത്തി. ജെസി ഉപയോഗിച്ചിരുന്ന രണ്ട് മൊബൈൽ ഫോണുകളിൽ ഒന്നാണ് മുങ്ങൽ വിദഗ്ധർ ചൊവ്വാഴ്ച നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. ജെസി ഉപയോഗിച്ചിരുന്ന രണ്ടാമത്തെ ഫോണിനായി തിരച്ചിൽ തുടരുകയാണ്. ജെസിയുടെ ഭർത്താവും കൊലക്കേസിലെ പ്രതിയുമായ സാം കെ ജോർജാണ് ഫോണുകൾ പാറക്കുളത്തിൽ ഉപേക്ഷിച്ചത്. എംജി സർവകലാശാലയിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥി കൂടിയാണ് 59കാരനായ സാം.
സെപ്റ്റംബർ 26-ാം തീയതിയാണ് ജെസിയെ സാം കൊലപ്പെടുത്തിയത്. അതിനുശേഷം നടന്ന പരിശോധനയിൽ സാം ജോർജിന്റെ കാറിൽ നിന്ന് രക്തക്കറയും ജെസിയുടേതെന്ന് കരുതുന്ന മുടിയും കണ്ടെത്തിയിരുന്നു. ഇത് കൂടാതെ പ്രാഥമിക പരിശോധനയിൽ കാറിൽ നിന്ന് കണ്ടെത്തിയ വെട്ടുകത്തിയും ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കോട്ടയം കഞ്ഞിക്കുഴിയിലെ കാർ വാഷിങ് സെന്ററിൽ പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. സാം ഉപയോഗിച്ച പെപ്പർ സ്‌പ്രേ ബോട്ടിലും ഇവിടെ നിന്ന് കണ്ടെത്തിയിരുന്നു. ഈ സ്‌പ്രേ മുഖത്തടിച്ചാണ് സാം വീട്ടിലേക്ക് അതിക്രമിച്ച് കടന്ന് കൊലപാതകം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.
കൊലപാതകത്തിന് ശേഷം മൃതദേഹം ഇടുക്കി ഉടുമ്പന്നൂർ ചെപ്പുകുളം വ്യൂ പോയിന്റിൽ ഉപേക്ഷിച്ചതിന് ശേഷം സാം കഞ്ഞിക്കുഴിയിലെത്തി കാർ വാഷിങ് സെന്ററിൽ കഴുകാൻ കൊടുക്കുകയായിരുന്നു. അതിന് ശേഷം ബസിൽ എംജി യൂണിവേഴ്സിറ്റിയിലെത്തിയ ഇയാൾ ജെസിയുടെ ഫോൺ മാത്തമാറ്റിക്സ് ഡിപ്പാർട്ട്മെന്റിന് സമീപത്തെ കുളത്തിൽ ഉപേക്ഷിക്കുകയായിരുന്നു. ഇന്നലെ ഫോൺ കണ്ടെത്തുന്നതിനായി സാമിനെയും കൂട്ടി പൊലീസ് കുളത്തിന് സമീപത്ത് എത്തിയെങ്കിലും ആഴമുള്ള പാറമടയായതിനാൽ തിരച്ചിൽ നടത്താതെ മടങ്ങുകയായിരുന്നു.
മൃതദേഹം കൊണ്ടുപോകാൻ ഉപയോഗിച്ച കാർ നേരത്തെ കണ്ടെത്തിയിരുന്നു. അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ വാങ്ങിയതിന് ശേഷം സാമുമായി പൊലീസ് നടത്തിയ തെളിവെടുപ്പിലാണ് കോട്ടയം ശാസ്ത്രി റോഡിലെ ബാങ്കിന്റെ പാർക്കിംഗ് പ്രദേശത്ത് നിന്ന് കാർ കണ്ടെടുത്തത്. കാണക്കാരി രത്നഗിരി പള്ളിക്ക് സമീപത്തെ കപ്പടക്കുന്നേൽ ജെസി(49) 26ന് രാത്രി വീട്ടിൽ വെച്ചാണ് കൊല്ലപ്പെട്ടത്.