
കുമളിയില്‍ ഇന്നലെ രാത്രി പെയ്ത കനത്തമഴയെത്തുടര്‍ന്നുള്ള മലവെള്ളപ്പാച്ചിലില്‍ കനത്ത നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്. കുമളി ടൗണിലും സമീപപ്രദേശങ്ങളിലും നിരവധി വീടുകളിലും കടകളിലും വെള്ളം കയറി.കൂട്ടാര്‍, നെടുങ്കണ്ടം, തൂവല്‍ മേഖലയിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തത്. ഹോളിഡേ ഹോമിനു സമീപം താമസിക്കുന്ന കണ്ണന്‍, ഭാര്യ ഷീന, മക്കളായ അനന്യ, അമയ എന്നിവര്‍ കഴിഞ്ഞദിവസത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ഭീതിയിലാണ്.
കുടുംബം ഉറങ്ങാന്‍ കിടന്നപ്പോള്‍ പുറത്ത് മഴ തകര്‍ക്കുകയായിരുന്നു. പുതപ്പിന്റെ ചൂടുപറ്റി ഇവര്‍ വേഗം ഉറക്കത്തിലായി. കിടക്കയില്‍ വെള്ളത്തിന്റെ നനവ് അനുഭവപ്പെട്ട് കണ്ണ് തുറന്നു നോക്കുമ്പോള്‍ വീടിന് അകത്ത് കട്ടിലിനൊപ്പം ഉയരത്തില്‍ വെള്ളം. വെള്ളത്തിന്റെ തള്ളലില്‍ കിടപ്പുമുറിയുടെ വാതില്‍ അടഞ്ഞു. ലൈറ്റിട്ട് എന്തു ചെയ്യുമെന്നറിയാതെ ഭയന്നു നില്‍ക്കുമ്പോള്‍ വെള്ളപ്പാച്ചിലില്‍ ഒഴുകിയെത്തിയ മൂന്ന് പാമ്പുകള്‍ തല ഉയര്‍ത്തി നില്‍ക്കുന്നു. കണ്ണനും കുടുംബവും കട്ടിലിനു മുകളില്‍ കയറിനിന്നു.
ഭീകരക്കാഴ്ച കണ്ട് കുട്ടികള്‍ വാവിട്ട് കരയുമ്പോള്‍ ജീവിതം അവസാനിച്ചതായി കണ്ണന്‍ കരുതി. ധൈര്യം സംഭരിച്ച് പൊലീസിലും അഗ്‌നിരക്ഷാസേനയിലും ഫോണ്‍ ചെയ്തു സഹായം അഭ്യര്‍ഥിച്ചു. കുമളി സിഐക്ക് സന്ദേശം എത്തുമ്പോള്‍ തൊട്ടടുത്ത സ്ഥലമായ പെരിയാര്‍ കോളനിയില്‍ പൊലീസ് രക്ഷാപ്രവര്‍ത്തനത്തിലായിരുന്നു. ഒപ്പമുണ്ടായിരുന്ന പൊതുപ്രവര്‍ത്തകന്‍ കെ ജെ ദേവസ്യ ഉള്‍പ്പെടെയുള്ളവരുമായി സിഐ വേഗം സ്ഥലത്തെത്തി. ഏറെ സാഹസികമായി വടം എറിഞ്ഞുകൊടുത്ത് അതിന്റെ സഹായത്താല്‍ ദേവസ്യയും മറ്റൊരാളും കണ്ണന്റെയും കുടുംബത്തിന്റെയും അരികിലെത്തി. കുട്ടികളെ ചുമലിലേറ്റി സുരക്ഷിതസ്ഥലത്തെത്തിച്ചു.