
മധ്യേന്ത്യയിൽ കടുവകൾക്ക് ഇത് പ്രജനന കാലമാണ്. മിക്ക കാടുകളിലും വനം വകുപ്പ് കടുവകളുടെ അസാധാരണ നീക്കങ്ങൾ ശ്രദ്ധിക്കുന്നതിനിടെ കണ്ടത് പങ്കാളിയെ തേടി മഹാരാഷ്ട്രയിൽ നിന്ന് തെലങ്കാനയിലേക്ക് നീന്തിയെത്തുന്ന ഒരു കടുവയെ. മഹാരാഷ്ട്രയിലെ പ്രാണഹിത നദിയാണ് ഒരു കടുവ നീന്തിക്കടന്നത്.
തെലങ്കാനയിലെ കാഗസ്നഗറിലേക്കാണ് ഈ കടുവ എത്തിയിട്ടുള്ളത്. താൽക്കാലികമായി കാഗസ്നഗറിലെ വന ഇടനാഴിയിൽ ആധിപത്യം സ്ഥാപിക്കാനും ഇണയെ കണ്ടെത്താനുമാണ് ഈ യാത്രയെന്നാണ് വന്യജീവി വിദഗ്ധർ വിശദമാക്കുന്നത്. മഹാരാഷ്ട്രയിലെ ചന്ദ്രപൂർ ജില്ലയിലെ കൻഹർഗാവ് വന്യജീവി സങ്കേതത്തിൽ നിന്ന് കൊമരം ഭീം ആസിഫാബാദ് ജില്ലയിലെ കഗസ്നഗർ ഇടനാഴിയിലേക്ക് കടുവ എത്തിയതായാണ് വിലയിരുത്തപ്പെടുന്നത്. ഒക്ടോബർ മുതൽ ഡിസംബർ വരെയാണ് മധ്യേന്ത്യയിൽ കടുവകളുടെ പ്രജനന കാലം. ഈ കാലയളവിൽ ഇണകളെ തേടി ആൺ കടുവകൾ വലിയ ദൂരങ്ങൾ താണ്ടുന്നത് പതിവാണ്.