
ആലപ്പുഴ: പാടശേഖരത്തിൽ പണിയെടുക്കുന്നതിനിടെ വിശ്രമിക്കാനായി കരയ്ക്ക് കയറാൻ പിടിച്ച കെഎസ്ഇബി പോസ്റ്റിൻ്റെ സ്റ്റെ വയറിൽ നിന്ന് ഷോക്കേറ്റ് സ്ത്രീ മരിച്ച സംഭവത്തിൽ കെഎസ്ഇബി ഉദ്യോഗസ്ഥർക്കെതിരെ നടപടിയ്ക്ക് സാധ്യത. ആലപ്പുഴ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ നടത്തിയ പരിശോധനയിൽ സ്റ്റേ കമ്പി ഫ്യൂസ് കാരിയർ തട്ടിയതാണ് അപകട കാരണമെന്ന് കണ്ടെത്തി. ഈ അപകട സാധ്യത കെഎസ്ഇബി ശ്രദ്ധിച്ചിരുന്നില്ലെന്നാണ് സംശയം ഉയർന്നിരിക്കുന്നത്. ഈ സാഹചര്യത്തിൽ കെഎസ്ഇബി ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടായേക്കും. കെഎസ്ഇബി ഉദ്യോഗസ്ഥർ, പാടശേഖര ഭാരവാഹികൾ, നാട്ടുകാർ എന്നിവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. സ്റ്റേ കമ്പി അജ്ഞാതർ ഊരി വിട്ടതാണെന്ന കെഎസ്ഇബി ഉദ്യോഗസ്ഥരുടെ വാദവും പൊലീസ് പരിശോധിക്കും. പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്നതയുടെ മൊഴി എടുത്ത ശേഷമായിരിക്കും അന്തിമ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുക.
കഴിഞ്ഞ ദിവസം പകൽ 11.30ഓടെ പള്ളിപ്പാട് വടക്കേക്കര കിഴക്ക് പനമുട്ടുകാട് പാടശേഖരത്തിലാണ് അപകടമുണ്ടായത്. പള്ളിപ്പാട് വടക്കേക്കര കിഴക്ക് പുത്തൻപുരയിൽ പരേതനായ രഘുവിൻ്റെ ഭാര്യ സരള (64)യാണ് മരിച്ചത്. കൂടെ പണിയെടുത്തിരുന്ന പള്ളിപ്പാട് വടക്കേക്കര കിഴക്ക് നേര്യം പറമ്പിൽ വടക്കതിൽ ശ്രീലത (52) യ്ക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. ഇവർ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പാടത്ത് പണിയെടുത്തു കൊണ്ടിരുന്ന ഇരുവരും വിശ്രമിക്കാനായി കരയിലേക്ക് കയറുമ്പോൾ സമീപത്തുണ്ടായിരുന്ന വൈദ്യുതപോസ്റ്റിൻ്റെ സ്റ്റെ വയറിൽ കയറി പിടിച്ചു. ആദ്യം സ്റ്റേ വയറിൽ പിടിച്ച ശ്രീലത ഷോക്കേറ്റ് തെറിച്ചു വീണു. ഇവരെ രക്ഷിക്കാൻ വേണ്ടി എത്തിയ സരളയും ഷോക്കേറ്റ് വെള്ളത്തിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ മോട്ടോർ തറയിലെ തൊഴിലാളി ഓടിയെത്തി വൈദ്യുത ബന്ധം വിച്ഛേദിക്കുകയും, പ്രദേശവാസികളെ ഇരുവരേയും ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. പക്ഷെ ആശുപത്രിയിലെത്തിയപ്പോഴേക്കും സരള മരിച്ചു. മക്കൾ: നിഷ, നീതു. മരുമക്കൾ: രതീഷ്, രാജേഷ്.