മുഖ്യമന്ത്രിയെ തിരുത്തിച്ച് സിപിഐ; ചെറിയ മീനല്ലെന്ന് സിപിഎമ്മിന് കാണിച്ചു കൊടുത്ത് ബിനോയ് വിശ്വവും സംഘവും


whatsapp sharing button
facebook sharing button
twitter sharing button
sharethis sharing button

ഇടതു മുന്നണിയേയും മന്ത്രിസഭയേയും അറിയിക്കാതെ രഹസ്യമായി പിഎം ശ്രീയിൽ ധാരണപത്രം ഒപ്പിട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനം തിരുത്തിച്ച് സിപിഐ. പദ്ധതിയില്‍ നിന്ന് പിന്‍മാറുകയാണെന്ന് കേന്ദ്രത്തിന് കത്തയക്കാതെ ഒരു വിട്ടുവീഴ്ചയ്ക്കും ഇല്ലെന്ന ഉപാധിയാണ് ബിനോയ് വിശ്വവും സംഘവും സിപിഎമ്മിനും മുഖ്യമന്ത്രിക്കും മുന്നിലേക്ക് വച്ചത്. അല്ലെങ്കില്‍ മന്ത്രിസഭാ യോഗത്തില്‍ നിന്നടക്കം സിപിഐ മന്ത്രിമാര്‍ വിട്ടുനില്‍ക്കും എന്നും നിലപാട് എടുത്തു.

പല വഴികളും നോക്കിയെങ്കിലും സിപിഐ കീഴടങ്ങാതെ വന്നതോടെ ഉപാധിക്ക് വഴങ്ങാന്‍ സിപിഎം തീരുമാനമെടുത്തു എന്നാണ് പുറത്തുവരുന്ന വിവരം. പദ്ധതിയില്‍ ഇളവ് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തു നല്‍കാനാണ് നീക്കം. എകെജി സെന്ററില്‍ നടന്ന സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇത്തരമൊരു ധാരണ ഉണ്ടായിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം ജനറല്‍ സെക്രട്ടറി എം.എ ബേബി, സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍, എല്‍ഡിഎഫ് കണ്‍വീനല്‍ ടി.പി.രാമകൃഷ്ണന്‍ എന്നിവര്‍ ചര്‍ച്ച നടത്തിയാണ് സിപിഐക്ക് വഴങ്ങാം എന്ന നിലപാട് എടുത്തത്.

കേന്ദ്രഫണ്ട് നഷ്ടമാകും എന്ന ന്യായീകരണം കൊണ്ട് മാത്രം രാഷ്ട്രീയമായ തിരിച്ചടി നേരിടാന്‍ കഴിയില്ലെന്ന വിലയിരുത്തല്‍ കൂടിയുണ്ട് ഈ നീക്കത്തിന് പിന്നില്‍. സംഘപരിവാര്‍ അജണ്ട ഒളിച്ചു കടത്തുന്നു എന്ന് ആരോപിച്ചിരുന്ന പദ്ധതിയില്‍ രഹസ്യമായി ഒപ്പിട്ടത് ജനങ്ങളുടെ മുന്നില്‍ പാര്‍ട്ടിയെ അപഹാസ്യമാക്കുന്നതാണ് എന്ന് സിപിഎമ്മിനുള്ളില്‍ തന്നെ അഭിപ്രായമുണ്ട്. ഫണ്ട് അല്ല നയമാണ് എന്നും അഭിപ്രായം ഉയര്‍ന്നു. ഇതോടെയാണ് പിന്നോട്ട് പോകാന്‍ തീരുമാനിച്ചിരിക്കുന്നത്.


സിപിഐ സംബന്ധിച്ചടത്തോളം കരാറില്‍ നിന്ന് പിന്നോട്ടു പോകാനുള്ള തീരുമാനം ഉണ്ടായാല്‍ അത് വലിയ രാഷ്ട്രീയ വിജയമാകും. സിപിഐമ്മിന് പിന്നില്‍ നില്‍ക്കുന്ന ദുര്‍ബലര്‍, പിണറായി വിജയന്‍ കണ്ണുരുട്ടിയാല്‍ വഴങ്ങുന്നവര്‍ എന്നെല്ലാം വലിയ ആക്ഷേപം കേട്ടിരുന്ന ബിനോയ് വിശ്വവും കൂട്ടരും ഇപ്പോള്‍ തിരുത്തല്‍ ശക്തി ആയിരിക്കുകയാണ്. സാക്ഷാല്‍ പിണറായിയെ പോലും വരച്ച വരയില്‍ നിര്‍ത്തി തിരുത്തിച്ചവര്‍ എന്ന പെരുമായിലാകും സിപിഐ ഇനി മുന്നണി യോഗത്തില്‍ എത്തുക.


Previous Post Next Post