'ഹോസ്റ്റലില്‍ കടന്നുകയറി പീഡിപ്പിച്ചു', ടെക്നോപാര്‍ക്ക് ജീവനക്കാരിക്കു നേരെ അതിക്രമം, ഞെട്ടല്‍




തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് ഹോസ്റ്റലില്‍ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ നിര്‍ണായക വിവരങ്ങള്‍ ശേഖരിച്ച് പൊലീസ്. യുവതി പരാതിയില്‍ പറയുന്നതിന് സമാനമായി പ്രദേശത്ത് അജ്ഞാതന്റെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ പ്രതിയ്ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് സുപ്രധാന വിവരങ്ങള്‍ ലഭിച്ചത്.

ദൃശ്യങ്ങളിലുള്ള വ്യക്തിയെ കണ്ടെത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഐടി ജീവനക്കാരിയായ യുവതി താമസിച്ചിരുന്ന ഹോസ്റ്റലില്‍ നിലവില്‍ സിസിടിവി ഇല്ല. എന്നാല്‍ സമീപത്തെ വീടുകളിലെ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ ഹോസ്റ്റല്‍ ലക്ഷ്യമാക്കി നീങ്ങുന്ന വ്യക്തിയെ കണ്ടെത്തിയതായാണ് വിവരങ്ങള്‍. കഴക്കൂട്ടം അസി. കമ്മിഷണറുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

വ്യാഴാഴ്ച രാത്രിയായിരുന്നു യുവതിക്ക് നേരെ അതിക്രമ ശ്രമം ഉണ്ടായത്. ഹോസ്റ്റലിലെ ഒരു മുറിയില്‍ തനിച്ച് താമസിച്ചിരുന്ന യുവതിയായിരുന്നു ആക്രമിക്കപ്പെട്ടത്. മുറിക്കുള്ളില്‍ അതിക്രമിച്ച് കയറിയാണ് പ്രതി യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. ഞെട്ടി ഉണര്‍ന്ന ശേഷം പ്രതിയെ പെണ്‍കുട്ടി തള്ളി മാറ്റുകയായിരുന്നു. പിന്നാലെ ഇയാള്‍ ഇറങ്ങി ഓടിയെന്നും പരാതിയില്‍ പറയുന്നു. വെള്ളിയാഴ്ച രാവിലെയാണ് യുവതി അതിക്രമത്തെ കുറിച്ച് ഹോസ്റ്റല്‍ അധികൃതരെ വിവരമറിയിച്ചത്. തുടര്‍ന്ന് അവര്‍ പൊലീസില്‍ പരാതി നല്‍കി. പെണ്‍കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കിയ ശേഷം കഴക്കൂട്ടം പൊലീസ് പ്രതിക്കായി തിരച്ചില്‍ ആരംഭിക്കുകയും ചെയ്തിരുന്നു.
Previous Post Next Post